https://youtu.be/36Cpb3UBgl4?si=dnbv8X4nqKfG56MY


 ഒരു പേരിലെന്തിരിക്കുന്നു?

പേരറിയാത്തൊരു പെങ്കിടാവേ

നിൻ്റെ നേരറിയുന്നു  ഞാൻ പാടുന്നു എന്നാണ് ഓയെൻവിയുടെ ഗോതമ്പുമണികൾ തുടങ്ങുന്നത്.

നേരറിയുകയാണ് പേരറിയുന്നതിലും പ്രധാനമെന്നല്ലേ കവി സൂചന

"ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം"

എന്ന് വള്ളത്തോൾ ആഹ്വാനം ചെയ്യുമ്പോൾ

"വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും

വിലാപവേഗം പോലെ

വരള്‍ വരകള്‍ നദികള്‍,

പരമ്പരകളറ്റവര്‍ "

എന്നാണ് ഭാരതീയത്തിൽ മധുസൂദനൻ നായർ വിലപിക്കുന്നത് . അദ്ദേഹം അവിടെയും നിർത്തുന്നില്ല,

"വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും

വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും

ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍

അടിയേറ്റു 

കുഴകാലിലോടുന്ന മാടിന്റെ മിഴികളും

വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും

കൊടുകൃപാണം രാഗമുന്മാദ ഭക്തിയും

വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും

പണത്തോതളന്നാളുന്ന ധര്‍മ്മവും " ആണ് ഭാരതത്തിലദ്ദേഹം കാണുന്നത്.

പേരിലുള്ള അഭിമാനമാണോ നേരിലുള്ള സത്യമാണോ ശരിക്കുള്ളത്?

സിന്ധുനദിക്കിപ്പുറത്തു വസിച്ചിരുന്നവരെ പേർഷ്യൻ ഭാഷക്കാരണ് ഹിന്ദുക്കൾ എന്ന് വിളിച്ചു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്നേ സിന്ധൂനദീതടത്തിൽ ജീവിച്ചിരുന്ന ദ്രാവിഡരും ഒരു പക്ഷേ അവരെ ഹിന്ദുക്കൾ എന്നു വിളിച്ചിരിക്കാം എന്ന് സവർക്കർ സമർത്ഥിക്കുന്നുണ്ട്. എന്തായാലും ചരിത്രത്തിൻ്റെ തേരോട്ടങ്ങളിൽ സാമ്രാജ്യങ്ങളുടെ അതിരുകൾ ചോരയിൽ ചാലിച്ച് പലവട്ടം മാറ്റി വരയ്ക്കപ്പെട്ടു. ദ്രാവിഡർ വിന്ധ്യാചലത്തിന് തെക്കോട്ട് പലായനം ചെയ്തു.വിന്ധ്യനും    ഹിമാലയത്തിനുമിടക്കുള്ള പ്രദേശം ആര്യാവർത്തമായി. സിന്ധു നദീതട  പ്രദേശത്തു നിന്ന്  സംസ്ക്കാര കേന്ദ്രങ്ങൾ  ഗംഗയുടെയും മറ്റു നദീതീരങ്ങളിലേക്കും വ്യാപിച്ചു. 


ആരാണ് ഭരതൻ?

ഭാരതത്തിന് ആ പേര് കിട്ടിയ ഭരതന് രാമായണവുമായി ഏതൊരു ബന്ധവുമില്ല. ആ ഭരതൻ ത്രേതായുഗത്തിലെ രാമരാജ്യത്തിലെ രാമസഹോദരനായാണല്ലോ പുരാണം പറയുന്നത്. ഭാരത നാമകരണ ഹേതു ഭൂതൻ, ചക്രവർത്തി ഭരതൻ, ശന്തനു മഹാരാജാവിൻ്റെയും ശകുന്തളയുടെയും മകനാണ് . വേർപിരിഞ്ഞ ശകുന്തളയെ തേടിയെത്തിയ ശന്തനു കാണുന്നത് സിംഹത്തിൻ്റെ വായ് പൊളിച്ച് പല്ലെണ്ണുന്ന ഒരു കുട്ടിയെയാണ്. അത് സ്വന്തം മകനാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്ക് കൂട്ടുകൊണ്ടു പോയി തൻ്റെ പിൻഗാമിയാക്കുകയായിരുന്നുവെന്നാണ് കഥ. അതി ശക്തനായ ഒരു ആക്രമണകാരിയായിരുന്ന അദ്ദേഹം മറ്റു രാജ്യങ്ങളെയൊക്കെ കീഴടക്കി തൻ്റെ അധികാരം വടക്കു ഹിമാലയം മുതൽ തെക്ക്  കടലു വരെ പരത്തി എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. മറ്റു പ്രദേശങ്ങളെ ചോര വീഴ്ത്തിയും സംസ്കാരങ്ങളെ ചോര കലർത്തിയും  കീഴടക്കുകയാണല്ലോ ചരിത്രവിശേഷം.   

ഭരത ചക്രവർത്തിക്ക് മൂന്നു ഭാര്യമാരിലുണ്ടായ ഒമ്പത് കുട്ടികൾക്കൊന്നും കാര്യപ്രാപ്തിയില്ലാത്തത് കൊണ്ട് ഭരദ്വാജ മഹർഷിയുടെ മകൻ ഭുമാന്യുവിനെയാണ് അദ്ദഹം തനിക്ക് ശേഷം രാജാവാക്കിയത്. 

ഭുമാന്യുവിൻ്റെ ജനനത്തിനെക്കുറിച്ച് സ്കന്ദപുരണം പറയുന്ന രസകരമായ മറ്റൊരു ഒരു കഥയുണ്ട് . അംഗിരസിൻ്റ മകൻ ഉതഥ്യൻ്റ ഭാര്യയായിരുന്ന മമതയെ ഗർഭിണിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരൻ ബൃഹസ്പതി പ്രാപിക്കാൻ ശ്രമിച്ചപ്പോൾ ഗർഭസ്ഥ ശിശു രേതസ്സിനെ ചവിട്ടിപ്പുറത്തു കളഞ്ഞു.  ജനനശേഷം കുഞ്ഞിൻ്റെ പിതാവാരെന്നുള്ള തർക്കത്തിൽ അവൻ അനാഥനാകുകയും, അവനെ എടുത്തു വളർത്തിയ ഭരദ്വാജ മഹർഷി ,  പിന്നീട് കഴിവുള്ള ഒരു കുഞ്ഞിനെ തിരഞ്ഞു നടന്ന ചക്രവർത്തി ഭരതനെ അവനെ ഏൽപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചന്ദ്രവംശത്തിൻ്റെ പിൽക്കാല തലമുറ ഭരതൻ്റെ ദത്തു പുത്രനിൽ നിന്നുമാണ് ഉണ്ടായത് എന്നത് മറ്റൊരു ചരിത്രം. അക്രമങ്ങളും ബലാൽകാരങ്ങളും ഒടുങ്ങുന്നില്ല. അതിൽ തന്നെ  പാണ്ഡവ കൗരവസഹോദരങ്ങൾ തമ്മിലുള്ള കുരുക്ഷേത്ര

യുദ്ധത്തിനു ശേഷവും ചോര ചൊരിയുന്നത് തീരുന്നില്ല. ഗുപ്തനും മൗരനും  ഹർഷനും അശോകനും ചോളനും പാണ്ഡ്യനുമൊക്കെ സ്വന്തം സഹോദരരായ ഭാരതീയരെ കൊന്നൊടുക്കിയതിനപ്പുറമൊന്നും ഗസ്നിയും ഗോറിയും യൂറോപ്യന്മാരുമൊന്നും കൊന്നൊടുക്കിയിട്ടില്ല.


എന്നാൽ ഈ കഥകളിലൊന്നും തന്നെ ശൂദ്രന്മാരുടെയും ദ്രാവിഡരുടെയുമൊന്നും വീര ചരിതങ്ങൾ കടന്നു വരാറില്ല. വേദമന്ത്രം കേട്ട ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന സ്മൃതി നിയമം പ്രാബല്യമാക്കാനുള്ള നിഷ്ഠകൾക്കിടക്ക് ശൂദ്രനെന്ത് വീര ചരിതം?  അടിമകളായി ജീവിക്കാൻ പോലുമുള്ള സാധ്യത അവൻ്റെ  രോഷപൂർവ്വമായ ഒരു നോട്ടത്തിലോ എതിർപ്പിൻ്റെ ഒരു സ്വരത്തിലോ മരണ വിധിക്കു കാരണമായ യുഗങ്ങളിലൂടെ സ്വന്തം ദുർവിധി ജീവിച്ചു തീർത്തവർ. പൊതു വിടങ്ങളിൽ നടക്കാനാവാതെ പൊതുകിണറിലെ വെള്ളം കുടിക്കാനാവാതെ മലമൂത്ര വിസർജ്യങ്ങൾക്കൊപ്പം മാത്രം ഇടമുള്ള വെറും ജീവജാലം. അവൻ്റെ അധമ കുലത്തൊഴിലിൽ നിന്നു മോചനം ഒരിക്കലും കിട്ടാതിരിക്കാൻ ഉണ്ടാക്കിയ ജാതി വ്യവസ്ഥയെ ന്യായീകരിക്കാനുണ്ടാക്കിയ സ്മൃതികൾ.

സ്മൃതികളും ശ്രുതികളും പുരാണങ്ങളും അടിച്ചേൽപ്പിച്ച്  സനാതന മതമുണ്ടാക്കി ദൈവത്തിൻ്റെ  സ്വന്തം പ്രതിനിധിയായി അധികാരത്തിൻ്റെ ഉന്മത്തതയിൽ വിലസിയ ബ്രാഹ്മണ വർഗ്ഗം , ഈ നാടിനെ ഭാരതമെന്നല്ലാതെ പിന്നെ ദളിതം എന്ന പേരിടുമോ?

 ഒരു പേരിലെന്തിരിക്കുന്നു?

ചിലർക്ക് പേരിലാണ് എല്ലാമിരിക്കുന്നത്

ജാതിയുടെ പേരിൽ , ആഢ്യതയുടെ ദുരഭിമാനത്തിൻ്റെ പേരിൽ, പുറംപൂച്ചിൻ്റെ പേരിൽ, ഢംബിൻ്റെ പേരിൽ. അവരെ പാവപ്പെട്ടൻ്റെ വിശപ്പും വേദനയും ദുരിതവും രോഗവും മരണവുമൊന്നും ബാധിക്കുന്നില്ല.  അവൻ ചില്ലിക്കാശിന് ബാങ്കുകൾക്ക് മുന്നിൽ കാത്ത് നിന്നും കിലോമീറ്ററുകൾ നടന്നും കുഴഞ്ഞു വീണു മരിക്കുന്നത് അവർ കാണാറില്ല. മഹാമാരികൾ ചെയ്ത ദുരിതത്തിൽ ഒലിച്ചുപോയ ജഡങ്ങളുടെ കണക്കു അവർ നോക്കാറില്ല.  കാലി മാംസത്തിൻ്റെ പേരിലെ കലിപ്പിൽ തല്ലിതകർക്കപ്പെട്ടവർ അവർക്ക് വെറും മാംസപിണ്ഡങ്ങളായിരുന്നു. ഗുജറാത്തിലായാലും മണിപ്പൂരിലായാലും ദില്ലിയിലായാലും ജാതിമതകലഹങ്ങളിൽ മരിക്കുന്നവരും കുടിലുകൾ നഷ്ടപ്പെടുന്നവരും എപ്പോഴും പാവപ്പെട്ടവരായിരിക്കും. അവരുടെ മരണം ഭാരതത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിപ്പിച്ച്‌ ലോക രാഷ്ട്രങ്ങൾക്കിടക്ക് അതിനെ സമ്പന്ന രാജ്യമാക്കാനുള്ള പ്രക്രീയക്ക് ആക്കം കൂട്ടും എന്ന് ആശിക്കാം.

 നമുക്ക് പേര് നേടാൻ പ്രതിമകളുണ്ടാക്കാം, മണിമന്ദിരങ്ങളുണ്ടാക്കാം, രാജപാതകളുണ്ടാക്കാം, 

നേരിനെ മതിലു കെട്ടി മറയ്ക്കാം.

 ടെപ്പറ് രായനും പ്രേതങ്ങളും.

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഭാവനയല്ല )


നാലാം ക്ലാസ്സ് വരെ വീട്ടിനടുത്തുള്ള പഴയ സർക്കാർ വിദ്യാലയമായ എൽ പി എസ് മുട്ടക്കാട് എന്ന ഒരു ഉപ്പുമാവ് പള്ളിക്കൂടത്തിലായിരുന്നു പഠനം. സാധാരണക്കാരും ദരിദ്ര നാരായണന്മാരായ കുട്ടികളുമായിരുന്നു അവിടെ പഠിച്ചിരുന്നവരിൽ അധികം പേരും.

വീട്ടിൽ നിന്ന് കയറ്റവും ഇറക്കവുമുള്ള ചരൾ കല്ലുകൾ നിറഞ്ഞ ഒര് ഒറ്റയടിപ്പാതയിലൂടെ മുക്കാൽ മൈൽ പോയാൽ അല്ല ഓടിയാൽ സ്കൂളിലെത്തും. കാട്ടുമന്ദാരവും ജമന്തിയുമൊക്കെ അവിടെയുമിവിടെയും പുത്തു നിൽക്കുന്ന വിശാലമായ പറമ്പിനിടയിൽ വീണ് കിടക്കുന്ന മഞ്ഞയും തവിട്ടും കറുപ്പും നിറത്തിലുള്ള ഇലകൾക്ക് മേലെ കാറ്റത്തിളകിയാടുന്ന മരച്ചില്ലകളുടെ നിഴലുകളും മഞ്ഞ വെയിലും ചേർന്നുണ്ടാക്കുന്ന ഭയപ്പെടുത്തുന്ന ഉരഗ പ്രേതങ്ങൾ ഞാൻ എത്ര വേഗത്തിൽ ഓടിയാലും എന്നെ പിൻതുടർന്നു വന്നു കൊണ്ടേയിരിക്കും. പറമ്പിന്റെ കോണിലെ കശുമാവിൻ ചുവട്ടിലാണ് മൂന്നര വയസ്സുള്ള എന്റെ കുഞ്ഞനുജനെ മെഡിക്കൽ കോളേജിലെ കണ്ണാടിക്കൂട്ടിൽ ആഴ്ചകൾ കിടത്തിയ ശേഷം ഒരു ദിവസം തുണിയിൽ പൊതിഞ്ഞ് കൊണ്ടുവന്നു പച്ചോലയിൽ കിടത്തി കുഴിച്ചു താഴ്ത്തിയത്. ഏതു സ്വർഗ്ഗത്തിലെക്ക് വിളിച്ചാലും അവന്റെ ആത്മാവ് തുമ്പിയായി  നമ്മളെക്കാണാൻ അവിടെയെല്ലാം പാറി നടക്കുന്നുണ്ടാകും! 


 കയറ്റിറക്കമുള്ള ഈ തെന്നുന്ന വിജനമായ വഴിയിൽ എന്നെങ്കിലും ഒരിക്കൽ ഞാൻ വീണു പോകുമെന്നുറപ്പുണ്ടായിരുന്നെങ്കിലും ഭയം എന്നെ ഓടിച്ചു കൊണ്ടേയിരുന്നു. പാടത്തിനും മറുവശത്തു  കുളത്തിനുമിടയിലുള്ള ചെളി വരമ്പ് നടന്നും ചാടിയും ഒക്കെ കടന്നാൽ  അയ്യപ്പക്ഷേത്രമായി. ഒരിക്കൽ ചാടുന്നതിനായിൽ വീണു പോകുമ്പോൾ പാടത്തെ വിഷസർപ്പങ്ങളോ കുളത്തിലെ ചീങ്കണ്ണികളോ ഏതാവും എന്നെ ദംശിക്കുക?


 അവിടെ നിന്നു മുകളിലേക്ക് ഒരു കുന്നാണ്. അതിന്റെ ചരിവിലാണ് ഈ അധ്യയന ക്ഷേത്രം. മൂന്ന് കെട്ടിടങ്ങളിലായി  തലമുറകളുടെ ചരിത്രവും ഭാവിയുമൊക്കെ നിർണ്ണയിക്കപ്പെട്ട് അത് പരന്നു കിടക്കുന്നു. ഏറ്റവും മുകളിലുള്ള ഓലക്കെട്ടിടം കാണാനാണ് എനിക്കിഷ്ടം. അതിന്റെ വണ്ണമുള്ള കഴുക്കോലുകൾക്ക് ചുറ്റിനും നീലയും പച്ചയും മഞ്ഞയും ചുകപ്പുമൊക്കെ നിറത്തിലുള്ള നൂറുകണക്കിനു വണ്ടുകൾ മുരണ്ട് പറന്നു നടക്കുന്നുണ്ടാവും. അവ തന്നെ മെഴുകുപുരട്ടി മിനുസപ്പെടുത്തിയ ഉരുളൻ തടികളിൽ മനോഹരമായി ഉണ്ടാക്കിയ തങ്ങളുടെ ദ്വാരഗൃഹത്തിനു ചുറ്റുമാണവയുടെ നൃത്തം. കൺമിഴിച്ച് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടികളെ അവർ ഒരിക്കലും അലോസരപ്പെടുത്തിയില്ല. മരണമില്ലാതെ അവ തലമുറകൾക്കായി തങ്ങളുടെ അജ്ഞാത നൃത്തം തുടർന്ന് കൊണ്ടേ യി രു ന്നു.

ഇടയ്ക്കുള്ള ഓടിട്ട ഒരു നീണ്ട ഹാൾ താൽകാലിക മറ വച്ച് ക്ലാസ്സുമുറികളായി തിരിച്ച് കുറച്ച് ബഞ്ചുകളുമിട്ടുട്ടുണ്ട്. അതിനും താഴെ പുതുതായുണ്ടാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രധാനാധ്യാപികയുടെ മുറിയും ഉപ്പുമാവ് പുരയും.


വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ഓട്ടം നിർത്തിയത് എന്റെ വീട്ടിനടുത്തുള്ള ഒരു കുട്ടിയെ കൂട്ടിനു കിട്ടിയപ്പോഴാണ്. അവനാണ് ടെപ്പർ രായൻ. നല്ല കറുത്ത് കല്ലു പോലുള്ള ശരീരം, ഇടതൂർന്ന മുടി അലങ്കോലമായി അലസമായി തലക്ക് ചുറ്റും കിടക്കും ,കൈയ്യിൽ ഉടഞ്ഞ സ്ലേറ്റും റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ പുസ്തകവും കറുത്ത റബർ ബാൻഡു കൊണ്ട് ബന്ധിച്ച് ഭദ്രമാക്കിയിരിക്കും. പെട്ടികളിൽ പുസ്തകം കൊണ്ടുവരുന്ന ആളുകൾക്കിടയിൽ റബർ ബാൻഡു കൊണ്ട് പുസ്തകം കെട്ടി വരുന്ന രാജൻ എന്ന ടെപ്പർരായൻ വ്യത്യസ്തനായി അങ്ങനെ നില കൊണ്ടു. 

രായന് പാടത്തെ വിഷസർപ്പങ്ങളെ ഭയമില്ല 

" അതൊക്കെ നീർക്കോലിയാണെടാ" 

എന്നാ രായൻ പറയാറ്.

"അപ്പോൾ ഈ ചീങ്കണ്ണികളോ?"

ഞാൻ ചോദിച്ചു

"എടാ പൊട്ടാ അതൊക്കെ തവളകളാടാ"

ഞാൻ ചമ്മിയെങ്കിലും ഭയം കുറെ മാറിയത് കൊണ്ട് സന്തോഷമായി.

"എന്നാൽ  കാറ്റടിക്കുമ്പോൾ കരിമ്പിച്ച നിഴലിനും പിംഗള നിറമുള്ള വെയിലിനുമിടയിലൂടെ കരിയിലകളിൽ ഉരഗങ്ങളെപ്പോലെ ഇഴഞ്ഞു വരുന്ന പ്രേതങ്ങളോ?"

അതിന് അവന് മറുപടി ഉണ്ടായില്ല. 

"നീ  പേടിക്കണ്ടാ അവൻ പറഞ്ഞു.". എന്നിട്ട് അവന്റെ സ്ലേറ്റിന് ചുറ്റുമിട്ടിരുന്ന കറുത്ത ടെപ്പർ ഊരി വായ്ക്കരികിൽ വച്ച്

"അടങ്ങടങ്ങൊതുങ്ങൊതുങ്ങ് വെട്ട് വെട്ട് റാഞ്ച് റാഞ്ച് "

എന്ന് മൂന്നു വട്ടം മന്ത്രം ജപിച്ച് എന്റെ കൈയ്യിൽ കെട്ടിത്തന്നു.

 "ഇനി ഒരു പ്രേതവും നിന്റെ അടുത്തു വരില്ല"

അവനെനിക്ക് ഉറപ്പു നൽകി.

കുറെ നാളുകൾ അമ്മ വഴക്കു പറഞ്ഞിട്ടും ആ മന്ത്ര ചരട് അഴിക്കാതെ ഞാൻ കെട്ടിയിരുന്നു.


 അഞ്ചാം ക്ലാസ്സിൽ ഞാൻ മറ്റൊരു സ്കൂളിലേക്ക് മാറി. നാലാം തരം കഴിഞ്ഞ് രാജൻ പഠിപ്പ് നിർത്തി എന്തോ ചെറിയ ജോലികൾക്ക് പോയി. പിന്നെ അവനെ വർഷങ്ങളോളം ഞാൻ കണ്ടതേയില്ല. ഒടുവിൽ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. എന്റെ നാട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ്സിന് പ്രവേശനം കിട്ടുന്ന ആദ്യ ആളായി.

 ശരീരശാസ്ത്രം പഠിക്കാൻ കഡാവറിനെ കീറി മുറിക്കുമ്പോൾ കാണാതെ പഠിക്കേണ്ട ഗ്രീക്ക് ലാറ്റിൻ പേരുകൾക്കിടയിൽ പ്രേതഭയവും കൈയ്യിൽ പടരുന്ന ഫോർമാലിന്റെ മണത്തിന്റെ മനംപുരട്ടലുമൊക്കെ അകന്നുപോയി. മരണം മണം പിടിച്ചു നടക്കുന്ന ആശുപത്രി വരാന്തകൾ. ഐ സി യു വുകളിൽ അപ്രതീക്ഷിതമായി നിമിഷാർദ്ധങ്ങൾ കൊണ്ട്  കൈയ്യിൽ നിന്ന് തെന്നിത്തെറിച്ചു പ്പോകുന്ന ജീവനുകൾ. സമയത്തിന്റെ കാറ്റിൽ ജീവനും മരണവും വെയിലും നിഴലുമായി ഇഴചേർന്നിഴയുന്ന ഒരിടം. മോർച്ചറിക്കു പിന്നിലുള്ള ഹൗസർജൻസ് ഹോസ്റ്റലിൽ രാത്രി ഒറ്റയ്ക്കു ഉറക്കം. ഇരുണ്ട രാത്രികളിൽ ആരെങ്കിലും വന്ന് കതകിൽ മുട്ടുമ്പോൾ ഇന്ന് ഡ്യൂട്ടിക്കിടയിൽ മരിച്ച് മോർച്ചറിയിലായ പ്രേതമാണോ അത് എന്നറിയാൻ വാതിലിന്റെ ചുവടിലുള്ള വിടവിലൂടെ വെളിയിലുള്ളയാളിന്റെ കാലു തറയിൽ തൊടുന്നുവോയെന്ന് നോക്കണമെന്ന സുഹൃത്തുക്കളുടെ ഉപദേശം. പക്ഷേ അപ്പോഴേക്കും മനസ്സിന്റെ കുടൂസ്സ് മുറികളിൽ നിന്നും പേയും പിശാചും പ്രേതവും ബാധയുമൊക്കെ കുടിയിറങ്ങിക്കഴിഞ്ഞിരുന്നു.


പിന്നെ വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ ടെപ്പർരായൻ പുതിയ അവതാരത്തിൽ നാട്ടിലെത്തിയെന്നറിഞ്ഞു. മുടിയൊക്കെ നീട്ടിവളർത്തി അലസമായി തന്നെ ഇട്ടിരുന്നുവത്രേ. കൈകളിലും കഴുത്തിലും രുദ്രാക്ഷത്തിലും അല്ലാതെയുമുള്ള മാലകളും വളകളും നിറയെ അണിഞ്ഞിട്ടുണ്ട്. നെറ്റിയിലെ കറുപ്പിൽ വരഞ്ഞ കുങ്കുമ തിലകം തിളങ്ങി നിന്നു. ദേഹമാസകലം ഭസ്മവും കുങ്കമവും കൊണ്ടുള്ള ചിത്രപ്പണിക്കു താഴെ പട്ടു മുണ്ടിനെ അരയിൽ ചങ്ങലകൊണ്ട് ബന്ധിച്ചിട്ടുണ്ട്.  ഇരുട്ടിനെ പേടിച്ച് വിറക്കുന്ന നിലവിളക്കിൻ തിരിക്കു മുന്നിൽ പുകയുന്ന വാസനത്തിരികൾക്കരികിൽ വരച്ച വർണ്ണാഭമായ കളത്തിൽ  പ്രേതബാധിതയായ സ്ത്രീയെ കൊണ്ടുവരുകയായി. 

രായൻ മന്ത്രവാദി അലറി .

"നീ പോകുമോ"

കയ്പേറിയ തന്റെ ജീവിതാനുഭവങ്ങളോടുള്ള വിദ്വേഷം മുഴുവൻ ആ ചോദ്യത്തിലുണ്ടായിരുന്നു. പട്ട കുടിച്ച്  കലങ്ങിയ കണ്ണുകൾ ജീവിതത്തോടുള്ള രോഷത്താൽ ചുവന്നിരുന്നു.

"ഇല്ല "

ആ സ്ത്രീ മുരണ്ടു.

മന്ത്രവാദി രണ്ടാമതൊന്നും ചോദിക്കാൻ നിന്നില്ല. ഇരുമ്പ് കെട്ടിയ തന്റെ ചൂരൽ വടിയെടുത്ത് അവളെ തലങ്ങും വിലങ്ങും തല്ലി. കുറെ തല്ലിയപ്പോൾ ആ സ്ത്രീ തളർന്നു വീണു. പിന്നെയും കുറേ തല്ലിയപ്പോൾ മന്ത്രവാദിയും. അയാളുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. അയാൾ  ഒരു കറുത്ത ചരടെടുത്തു.

 "അടങ്ങടങ്ങൊതുങ്ങൊതുങ്ങ് വെട്ട് വെട്ട് റാഞ്ച് റാഞ്ച്" 

എന്ന് മൂന്നു പ്രാവശ്യം ജപിച്ച്  അത് അവളുടെ തളർന്ന കൈത്തണ്ട ഉയർത്തി അതിൽ കെട്ടിക്കൊടുത്തു.


 വർത്തമാന കേരളം


വസന്തരസം നിറച്ച കോപ്പയിൽ മധുപാനാസക്തർ തൻ വേദിയിൽ മഹോന്നത കേളിയിൽ  എത്തിപ്പിടിക്കാൻ കരേറുന്ന ഉത്തുംഗശൃംഗത്തിനപ്പുറം ചക്രവാളത്തിൻ മറുകരയെത്തി  അർദ്ധബോധത്തിൽ മയങ്ങി ഉഷസ്സിലുണർന്ന് മിഴി ചിമ്മി നോക്കവേ

സ്വന്തം കമിതാവിനായമ്മ 

കൊത്തി നുറുക്കി വിളമ്പിയ

പുത്രന്റെ ദേഹവും

രാവിൽ  സുഹൃത്തുക്കൾ ആസക്തി തീർക്കുവാൻ കേറിയിറങ്ങി തകർന്ന തനയതൻ താരിളം മേനിയും 

നേരിലായ് മുന്നിൽ 

കണിക്കാഴ്ചയാകവേ

കുറ്റബോധത്തിന്റെ കോടതിയിൽ താതനേറ്റുവാങ്ങുന്ന മരണ വിധി

വീട്ടിന്നരുകിലെ മാവിന്റെ ചില്ലയിൽ കെട്ടിയൊടുക്കി സ്വയം നടത്തീടവേ

ഓർത്തു പോകുന്നു ഞാൻ 

ആ താതൻ ഞാൻ തന്നെയല്ലയോ.









Tool Kit

 എന്താണീ പണിയായുധ സഞ്ചി (tool Kit)?

അത് അറിയില്ലെങ്കിലും ഞാനത് തേടി നടന്നു.

നിലനില്പിൻ്റെ പോരാട്ട മൃഗതൃഷ്ണകളും അജ്ഞതയുടെ അന്ധകാരവും നിറഞ്ഞവനാന്തരങ്ങളിലൂടെ, സംസ്കാര സൗഗന്ധികങ്ങൾ മുളയിട്ട മലഞ്ചരിവുകളിലൂടെ, കലയുടെ കളകളാരവ സംഗീതം പൊഴിയുന്ന പുഴയുടെ പുളിന പ്രദേശങ്ങളിലൂടെ, കലപില പ്രേമസല്ലാപം നടത്തുന്ന ക്രൗഞ്ചമിഥുനങ്ങളുടെ പ്രണയ പരിസരങ്ങളിലൂടെ, രാവിൻ്റെ ഏകാന്തതയിൽ ആകാശത്തു വിരിഞ്ഞ ആതിര താരത്തിൻ്റെ കൺവെട്ടത്തിൽ, ജീവിതഗന്ധം നിറഞ്ഞ പൊടിപാറുന്ന മൺപാതകളിലൂടെ, ഞാനത് തേടി നടന്നു. എങ്ങുമതിനെ കണ്ടില്ല.

അധ്വാനിക്കുന്നവൻ്റെ അത്മാഭിമാനത്തെ തളച്ച് അടിമയാക്കാനുള്ള യാഗശാലകളിലെ മന്ത്ര കൂടോത്രങ്ങൾക്കിടയ്ക്ക് ഉറപ്പിച്ച യോഗദണ്ഡും മനസ്മൃതിയും, ദക്ഷിണയായി പിടിച്ചു പറിച്ച കാമധേനുക്കളും, മാതൃചോര പുരണ്ട പരശുവും കണ്ടു ഭയന്നു

ഞാൻ മുന്നോട്ടു നടന്നു.

തിരക്കുപിടിച്ച ദേശീയ പാതകളിലെ വാഹന കുരുക്കുകളുടെയിടയിൽ പെട്ടു ഞാൻ ഉഴലുമ്പോൾ പാതയോരത്ത് ഞാൻ കണ്ടത് യുഗങ്ങൾക്കു മുന്നേയുള്ള കാവി കൊടി പാറുന്ന തൃശൂലവും യോഗദണ്ഡും ഒളിപ്പിച്ചു വച്ച നിർദ്ദാഷിണ്യ അത്യാഗ്രഹ രക്ഷസ്സുകളെ തന്നെയായിരുന്നു. 

ധൃതി പിടിച്ച അപരിചിത ജനക്കൂട്ടത്തെ കെട്ടിവലിച്ചു കൊണ്ടു പോകുന്ന മെട്രോ വണ്ടി കളിൽ തെളിഞ്ഞത് മനുഷ്യ തുല്യതയുടെ കനിവല്ല , സവർണ്ണ-പുരുഷ മേധാവിത്വത്തിൻ്റെ അഹങ്കാരം മാത്രമായിരുന്നു.

വഴിയരികിൽ കാണുന്നതോ കൃത്രിമ പെരുങ്കള്ളത്തിൽ കൂടി മരുന്നു വിറ്റ് കോടാനുകോടി ഉണ്ടാക്കിയവൻ കൈ കാലുകൾ പിണഞ്ഞു കെട്ടി വയറുമൊട്ടിച്ചു നിൽക്കുന്ന പരസ്യ ഹാസ്യ ചിത്രം.

മറ്റൊന്ന്, തരും ഞാൻ നിങ്ങൾക്കമ്പത് നാളിനുള്ളിൽ വാഗ്ദത്ത ഭൂമി ഇല്ലെങ്കിൽ നിങ്ങൾ എന്നെ അഗ്നിയിൽ അർപ്പിച്ചു കൊള്ളൂ എന്ന വിലപിച്ചവൻ്റെ കൂൺ കഴിച്ച് വീർത്ത് കോട്ടിൽ പൊതിഞ്ഞ് കൈകൂപ്പി നിൽക്കുന്ന കോമാളി ചിത്രം.

അതിൻ്റെ അടിയിലെങ്ങോ നഗരങ്ങളിൽ നിന്ന് പാലായനം ചെയ്ത  ലക്ഷങ്ങളിൽ  , വിശന്നൊട്ടിയ വയറും, വിണ്ടുകീറി  വൃണങ്ങളായ കാലുമായി നിലത്തിരിക്കുന്ന ഭാരത മാതാവിൻ്റെ മാറിൽ നുണഞ്ഞിട്ട് ഒരിറ്റു പാൽ കിട്ടാഞ്ഞിട്ടും കരയാൻ പോലും ആവതില്ലാതെ തളർന്നുറങ്ങുന്ന പുതിയ തലമുറ.


ധാർമ്മിക നിയമസംഹിതകളുടെ ആധുനിക വേദപുസ്തകളിൽ,  പണ്ടെങ്ങോ പഠിച്ച ഫോറൻസിക് മെഡിസിൻ്റെ പുസ്തകത്താളുകളിൽ, അറിവിൻ്റെ ഉറവിടങ്ങളായ ഹാരിസണ്ണിലും ഡേവിഡ് സണ്ണിലും അച്ചടക്കത്തിൻ്റെ അച്ചിൽ എന്നെ വാർത്ത ആർമി ആക്ടിലും ആർമി നിയമങ്ങളിലുമൊക്കെ ഞാനീ പണിയായുധ സഞ്ചി തിരഞ്ഞു

എങ്ങും അതിനെ കണ്ടില്ല.


ഒടുവിൽ ഞാനത് കണ്ടു.

പകലന്തിയോളം സൂര്യതാപത്തിൽ  പാടങ്ങളിൽ പണി ചെയ്ത് കഷ്ടതയുടെ വിത്തു വിതച്ച് സ്വന്തം വിയർപ്പിറ്റച്ച് നനച്ച് ഒടുവിൽ സ്വപ്നങ്ങൾ പൂത്ത് പ്രതീക്ഷയുടെ ധാന്യം വിളയുമ്പോൾ കൊള്ളയടിക്കാൻ വരുന്ന കുത്തകകളെയും സ്നേഹത്തോടെ ഊട്ടുന്ന കർഷകരുടെ ഇടയിൽ ഞാൻ അതു കണ്ടു. ശരിക്കുള്ള പണിയായുധ സഞ്ചി!

കൊതുക് യുദ്ധം


പതിവ് പോലെ പൂർണ്ണമായും ബോധം നശിച്ച് ഉറങ്ങാത്ത ഒരു രാത്രി. വെളുപ്പിന് രണ്ടു മണിയോളം ആയിക്കാണും. എന്തോ അപശബ്ദങ്ങൾ കേട്ടുണർന്നു നോക്കുമ്പോൾ എൻ്റെ സഹധർമ്മിണി ഒരു ഭദ്രകാളിയെപ്പോലെ ചീനയുടെ വൈദ്യുത ബാറ്റു വച്ചു പാവം കൊതുകുകളെ അറിഞ്ചം പുറിഞ്ചം അരുംകൊല ചെയ്യുമ്പോഴുള്ള അവറ്റകളുടെ ആർത്തനാഥമാണ് ആ കേൾക്കുന്ന ശബ്ദം എന്ന് മനസ്സിലായി. ആ പ്രവൃത്തി ജീവീ സ്നേഹം അലിഞ്ഞു ചേർന്ന എൻ്റെ ഹൃദയത്തെ ഉടനടി തളർത്തുന്ന ഒന്നായിരുന്നു. നമ്മുടെ ശരീരത്തിലെ ദുഷിച്ച രക്തം വലിച്ചു മാറ്റി ആരോഗ്യം നൽകുന്ന ആയുർവേദ ചികിത്സ സൗജന്യമായി ചെയ്തു തരുന്ന പഞ്ചപാവങ്ങളായ ഈ പൈതജീവികളെ നിഷ്കരുണം കൊന്നു തള്ളുന്നത് മതിയാക്കാൻ ഞാൻ അഭ്യർത്ഥിച്ചത് എൻ്റെ പ്രീയതമ നിഷ്കരുണം തളളിക്കളഞ്ഞു. മലമ്പനിയും മന്തും ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും മഞ്ഞപ്പനിയും ഒക്കെ ഉണ്ടാക്കി ഒരു വർഷം ഇരുപതു ലക്ഷത്തിലേറെ പാവം മനുഷ്യരെ കൊല്ലുന്ന ഈ കൊടും ഭീകരന് വേണ്ടിയാണല്ലോ നിങ്ങടെ വക്കാലത്ത് എന്നായി ഭാര്യ. മലമ്പനിയും മന്തുമൊക്കെ നമ്മുടെ നാട്ടിൽ നിന്ന് എന്നേ പോയി. ഞാനും വിട്ടില്ല. മഞ്ഞപ്പനി ഭാരതത്തിലേയില്ല. ഡങ്കിയും ചിക്കൻ ഗുനിയയുമൊക്കെ പരത്തുന്ന ഈഡിസ് കൊതുക് ഈ വെളുപ്പാൻ കാലത്തു കടിക്കാൻ വരില്ല.  പകലാണ് മൂപ്പരുടെ രക്തപാനത്തിൻ്റെ സമയം. അതു കൊണ്ട് എൻ്റെ പ്രാണപ്രീയേ നീ ഈ കൊതുകുകളോട് സദയം ക്ഷമിച്ചാലും .  ഞാൻ നയം വ്യക്തമാക്കി. രോഗികൾക്ക് ആൻറിബയോട്ടിക്കുകൾ കൊടുത്ത് കോടിക്കണക്കിന് ബാക്ടീരയകളെ കൊന്നൊടുക്കുന്ന ഒരു ഒന്നാന്തരം കൊലപാതകിയായ  നിങ്ങൾ തന്നെ ഇതു പറയണം. ശ്രീമതിയും വിടാൻ ഭാവമില്ല. ഞാൻ അണുക്കളെ ആൻ്റിബയോട്ടിക്ക് വിഷം നൽകി സ്നേഹപൂർവ്വം മാത്രം കൊല്ലുന്ന  ഒന്നാം വർഗ്ഗ ഉത്തോലക കൊലപാതകനെങ്കിൽ നീ കൊതുകകളെയും അവയുടെ ഉള്ളിലുള്ള അണുക്കളെയും ഒക്കെ ഷോക്കടിപ്പിച്ച് എരിയിച്ചു കളയുന്ന രണ്ടാം വർഗ്ഗ ഉത്തോലക കൊലപാതകിയായ ഭീകരിയല്ലേ?  കഴിഞ്ഞ ആഴ്ച  ഒരു പാവം മൂഷികനെ കെണി വച്ച് പിടിച്ച് ആ കരാള ഹസ്തം കൊണ്ട് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു ആ ജീവനെയും അതിൻ്റെ ഉള്ളിലെ അനേകം അണു ജീവനുകളെയും ബയോഗ്യാസിലിട്ട്  ദഹിപ്പിച്ച കിരാത ഹസ്തയല്ലേ നീ?

കുളിമുറിയിൽ പാറ്റയെക്കണ്ട് മോൾ പേടിച്ചു നിലവിളിച്ചപ്പോൾ മോളെ നിൻ്റെ അപ്പുപ്പന്മാർ കാട്ടിൽ ആനയേയും സിംഹങ്ങളെയും പോലും ഭയക്കാതെ കിടന്ന് ഉറങ്ങിയവരാണ്‌, അവരുടെ കൊച്ചു മോൾ ഈ കൊച്ചു പാറ്റയെ കണ്ട് ഭയക്കണ്ട എന്ന് ഞാൻ അവളെ സമാധാനിപ്പിച്ചപ്പോൾ നീ കൊടിയ ഹിറ്റെടുത്ത് പാറ്റ കുഞ്ഞുങ്ങളുടെ തലക്കടിച്ച് കൊന്ന കൊടും ഭീകരയല്ലേ? പാറ്റയും കൊതുകമെല്ലാം ജീവവംശത്തിലെ നമ്മുടെ പിതാമഹൻ്റെ അളിയൻ ആർത്രോപ്പൊഡ കുടുംബത്തിലെ കുഞ്ഞന്മാരാണ് എന്ന് ഡാർവിൻ അങ്കിൾ പറഞ്ഞത് നീ സ്കൂളിൽ പഠിച്ചിട്ടുള്ളതല്ലേ? അഹിംസാ പരമോ ധർമ്മമെന്ന ഋഷി പ്രോക്തം മറന്ന അധർമ്മ കാപാലികേ നിന്നോടും നിൻ്റെ പിറക്കും പിറക്കും സന്തതികളോടും  പ്രകൃതി മാതാവ് ഒരിക്കലും പൊറുക്കുക യില്ല , ഇത് സത്യം സത്യം സത്യം! ഞാൻ ആണയിട്ടു ശ്വാസം വിട്ടു.


കിടപ്പുമുറിയിലെ ജനാലയിലെ വിടവിലൂടെ പറന്നു വരുന്ന കൊതുക് ചീനപ്പടയെ ചീന വടി വീശി ദഹിപ്പിച്ചു കൊണ്ടിരുന്ന അവൾ അതു നിർത്തി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

അല്ലെങ്കിലും നിങ്ങൾക്കു വേണ്ടി ഈ പാപക്രീയകൾ ചെയ്യുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ! അത് മനസ്സിലാക്കിയ വാത്മീകി മഹാകവിയായി. ഞാനിപ്പോഴും നിങ്ങൾക്കു വേണ്ടി പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. അവളുടെ കൺപീലിയിൽ വിടർന്ന കണ്ണുനീർ മുത്തുകൾ വൈദ്യുത വെളിച്ചത്താൽ തിളങ്ങി. ആ ബയോഗ്യാസിൽ ആണ് മനുഷ്യാ വിതച്ചാൽ ഓരോന്നും ജീവനുള്ള നെൽചെടിയാകാവുന്ന അരിയെ പുഴുങ്ങി ചോറാക്കി, കോഴിക്കുഞ്ഞാകേണ്ടിയിരുന്ന മുട്ട പൊരുച്ച് ഓംലെറ്റുമാക്കി നിങ്ങൾക്ക് ഞണ്ണാൻ തന്നത്‌. അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് നാട്ടുകാരെ സേവിക്കാനല്ലേ സമയം. എൻ്റെയും പിള്ളേരുടെയും കാര്യം ആര് നോക്കാൻ? അവൾ വിതുമ്പി. കുടുംബഭദ്രതയിൽ കൊച്ച് കൊതക് വഹിക്കുന്ന മഹനീയ സ്ഥാനം മനസ്സാ സ്മരിച്ചു കൊണ്ട്

മുള്ളുവടിവച്ച്‌ ചീനപട്ടാളക്കാർ അടിച്ച് പഞ്ചറാക്കിയ അതിർത്തി സൈനികനെപ്പോലെ ഞാൻ കിടക്കയിൽ ചുരുണ്ട് കൂടി, നഷ്ടപെട്ട ഉറക്കം തിരികെ പിടിക്കാനുള്ള പാഴ്ശ്രമത്തിൽ കണ്ണും പൂട്ടി കിടന്നു.

ഡിസിപ്ലിൻ സമൂഹ നന്മക്ക്

1993-ൽ ഞാൻ തഞ്ചാവൂർ വായുസേനാ സ്റ്റേഷനിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്ന സമയം. ഞാൻ പട്ടാളത്തിൽ ചേർന്ന് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. PT യും പരേഡുമൊന്നും പഠിച്ചിട്ടില്ല. കഷ്ടിച്ച് അറ്റൻഷനും സലൂട്ടുമൊക്കെ സീനിയറായ ഒരാപ്പീസർ ജോലിക്ക് ചേർന്നയന്നു തന്നെ പഠിപ്പിച്ച് തന്നത് വച്ച് ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് പോകുന്നു .

അന്ന് തഞ്ചാവൂർ സ്റ്റേഷൻപ്രവർത്തിക്കുന്നത് വിമാനത്താവളത്തിൻ്റെ ഒരു മൂലക്കുള്ള പല ടെൻ്റുകളിലായിട്ടാണ്. പട്ടാള ആശുപത്രിക്ക് രണ്ട് ടെൻ്റ്, അകൗണ്ട്സ് വിഭാഗത്തിന് ഒരു ടെൻ്റ് അങ്ങനെയങ്ങനെ പോകുന്നു. റൺവേയുടെ അടുത്ത് മരങ്ങളും തണലുമൊന്നുമില്ല. എപ്രിൽ മെയ് മാസങ്ങളിൽ പൊരിയുന്ന ചൂടിൽ വിയർപ്പുപോലും ആവിയായി പോയി കരിഞ്ഞിരുന്നു വേണം ജോലി ചെയ്യാൻ. ഓഫീസർമാരായ ഞങ്ങൾക്ക് അത്യാവശ്യം മൂളുന്ന ഒരു കൂളർ തന്നിട്ടുണ്ട് .അതിൽ നിന്ന് വരുന്നതു തന്നെ തിളക്കുന്ന കാറ്റാണ്. സ്റ്റേഷൻ്റെ ഏതാണ്ട് മധ്യഭാഗത്തുള്ള ഏറ്റവും മുന്തിയ ടെൻ്റ് ആയിരുന്നു കമാണ്ടിംഗ് ഓഫീസറുടേത്. അദ്ദേഹം തൻ്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഇടയിൽ ഒരു വീരശൂരപരാക്രമി, വിംഗ് കമാണ്ടറായ ഒരു തമിഴ് സിംഹമായിരുന്നു. ക്യാമ്പിൻ്റെ സംരക്ഷണം മൊത്തമായി DSC ജവാന്മാർക്കായിരുന്നു. പട്ടാളത്തിൽ നിന്ന്‌ വിരമിച്ച പാവം ജവാന്മാർക്ക് മറ്റ് യാതൊരു ജോലിയും കിട്ടാതാവുമ്പോഴാണ് വീണ്ടും DSc യിൽ ചേരാനുള്ള വിധിയുണ്ടാകുക.

ഒരിക്കൽ ഞാനും എൻ്റെ സുഹൃത്ത് സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള സെക്യൂരിറ്റി ഓഫീസറും കൂടി കമാണ്ടിംഗ് ഓഫിസറിൻ്റെ ടെൻ്റിൻ്റെ അല്പമകലെയായി സി ഒ യെ കാത്ത് നില്ക്കുകയാണ്‌. അദ്ദേഹം ടെൻ്റിൽ ഇല്ല.

അതു വഴി കടന്നു പോകുന്ന ജവാന്മാരെല്ലാം സി.ഒ യുടെ ടെൻ്റിനെ നോക്കി സല്യൂട്ട് ചെയ്തിട്ടാണ് പോകുന്നത്. ഇത് കണ്ടാശ്ചര്യപ്പെട്ട് ഞാൻ സെക്യൂരിറ്റി ഓഫീസറിനോട് തിരക്കി. 

" എന്തിനാ സാർ ഇവരെല്ലാം ഒഴിഞ്ഞ ടെൻ്റിനെ സല്യൂട്ട് ചെയ്യുന്നത്?"

സെക്യൂരിറ്റി ആപ്പീസർ സാർ  മഹത്തായ ഒരു വിജ്ഞാനമെടുത്ത് എനിക്ക് വിളമ്പി.

" ജയകുമാർ നമ്മൾ വ്യക്തികളെയല്ല ആ സ്ഥാനത്തെയാണ് മാനിക്കുന്നത്. അതു കൊണ്ടദ്ദേഹമവിടെയില്ലെങ്കിലും ആ കസേരയെ ബഹുമാനിക്കണം"

എത്ര ഉജ്വലമായ ആശയം. അദ്ദേഹം ഇരിക്കുന്ന ടെൻ്റിനെ പോലെ അദ്ദേഹത്തിൻ്റെ വാഹനത്തേയും കടന്നു പോകുന്ന റോഡിനെയും വയറിൻ്റെ അസ്വാസ്ഥ്യം കുറക്കുന്ന മൂത്രപ്പുരയെയുമൊക്കെ സല്യൂട്ട് ചെയ്യണമോയെന്ന് ഞാൻ ചോദിച്ചില്ല. അതിന് ഒരു കാരണമുണ്ട് .ഞാൻ പട്ടാളത്തിൽ ചേർന്നയന്ന് എന്നെ സെല്യൂട്ട് പഠിപ്പിച്ചു തന്ന വിദ്വാൻ സാർ മറ്റൊരു മഹത്തായ സർവ്വകാല സത്യം കൂടെ എന്നെ ഉണർത്തിയിരുന്നു. പട്ടാളത്തിൽ നിനക്ക് അസൗകര്യമുണ്ടാകാതെ ജോലി ചെയ്യണമെന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് ചോദ്യങ്ങൾ ചോദിക്കരുത് എന്നതാണ്. അതായത് സംഗതി സിമ്പിൾ "First obey , then also Obey " .


നമ്മുടെ നാട്ടിലെ അരോഗദൃഢഗാത്രരായ യുവാക്കളെ തിരഞ്ഞുപിടിച്ച് മാനസികമായും ശാരീരികമായും ഭേദ്യം ചെയ്ത് ഒരു വർഷം PT , Parade തുടങ്ങിയ അടിതടയും അല്പം നിയമമൊക്കെ പഠിപ്പിച്ച് പോലീസുകാരാക്കും. അവരുടെ മനസ്സിലെ യന്ത്രം പിന്നെ അധികാരമുള്ള മൈൽ കുറ്റിയായാലും സല്യൂട്ടടിക്കുക അല്ലാത്തവൻ്റെ കരണത്തടിക്കുക എന്ന തീരുമാനമെടുക്കുന്ന രീതിയിലേക്ക് മാറിപ്പോകുന്നതിനെ എങ്ങനെ കുറ്റം പറയുവാനാകും? സ്വന്തം അമ്മ

കൊറോണ ബാധിച്ച് വീട്ടിൽ കിടന്ന് കുറേശ്ശേ മരിച്ചു കൊണ്ടിരിക്കുമ്പോഴും റോഡിൻ്റെ ഓരത്ത് നിന്ന് പൊടിയും പുകയും മഴയുമേറ്റ് അർധ പ്പട്ടിണിക്കാരായ സ്വന്തം സഹോദരങ്ങളുടെ മുന്തിയിലെ പണം ഫൈനായി പിടിച്ച് പറിച്ച് സർക്കാർ ഏമാന്മാർക്ക് അടക്കേണ്ടുന്ന ഒരു പോലീസ്കാരന് അവൻ്റെ പ്രതിഷേധം DGP യുടെ ചെവിക്കല അടിച്ചു പൊട്ടിച്ചു തീർക്കുവാൻ പറ്റുമോ? അല്ലെങ്കിൽ തന്നെ കൊറോണ രോഗം ഒരു ക്രമസമാധാന പ്രശ്നവും ചികിത്സ നിശ്ചയിക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വം വൈറസ്സിൻ്റെ ബാലപാഠം പോലുമറിയാത്ത പാവം പോലീസ്സിൻ്റെ കൈകളിലുമാണ്. നിങ്ങൾ അടി തട പഠിപ്പിച്ചു വിട്ടിട്ട്  അവൻ്റെ ഉള്ളിലെ സാഹിത്യവും സംസ്കാരവും നന്മയുമൊക്കെ അച്ചടക്കത്തിൻ്റെ ചൂടുകാറ്റിൽ വറട്ടിക്കളഞ്ഞിട്ട് ജനമൈത്രിയെന്നോ ജന സേവനമെന്നോ പേരു മാറ്റിയിട്ടെന്തു കാര്യം?

വൈദ്യ ശാസ്ത്ര പഠനം

 ആധുനിക വൈദ്യശാസ്ത്ര പഠനം മാതൃഭാഷയിലാകണമോ എന്ന ചർച്ച നടക്കുന്ന കാലമാണല്ലോ ഇപ്പോൾ ? 


"മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–

മിണ്ടിത്തുടങ്ങാൻശ്രമിക്കുന്ന

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!

മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ "

എന്ന് വള്ളത്തോൾ എഴ നമ്മുടെ എല്ലാം ഹൃദയത്തിലിന്നുമുണ്ട്. മാതൃഭാഷയിലുള്ള പഠനവും ചിന്തകളും ആശയം ഉൾകൊള്ളാൻ എളുപ്പമാക്കുമെന്നും അവ ഓർമ്മകളിൽ സൂക്ഷിക്കാനും സഹായിക്കുമെന്നുള്ളതും അവിതർക്കിതമാണ്. 

വസുധൈവ കുടുംബകം   ( ലോകമേ തറവാടു ) എന്ന മഹാ ഉപനിഷത്തിലെ സൂക്തം പ്രായോഗിക ജീവിതത്തിൽ പുലരുന്ന ഈ കാലഘട്ടത്തിൽ വിശ്വ പൗരന്മാരായി വ്യക്തിത്വം വികസിക്കുന്നതിന് പകരം വെറും കൂപമണ്ഡൂകങ്ങളായി ഭാവി തലമുറ അധപതിക്കണമോ എന്നുള്ളതും പ്രസക്തമായ ഒരു ചോദ്യമാണ്?


ഈ തർക്കം ഇങ്ങനെ നില നില്ക്കവേ തന്നെ ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖല  മാതൃഭാഷയിലേക്ക് മാറ്റാനായി നാം തയ്യാറായോ എന്നതു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങളുടെ കേവലമൊഴിമാറ്റം കൊണ്ടു മാത്രം സാധ്യമാകുന്നതാണോ വളരെ സങ്കീർണ്ണമായ ഈ പഠന പ്രക്രിയ ?


ഇത്തരുണത്തിൽ എനിക്കുണ്ടായ രസകരമായ ഒരു ചെറു സംഭവം ഓർമ്മ വരുന്നു. നാട്ടിൻ പുറത്തുള്ള ഒരു സാധാരണ മലയാള മാധ്യമ വിദ്യാലയത്തിൽ നിന്നും പത്താം തരവും ജയിച്ചു അഭിമാനത്തോടു കൂടി 1983-ൽ തിരുവനന്തപുരം നഗരത്തിലെ  പ്രശസ്തമായ കലാശാലയായ ഗവൺമെൻ്റ് ആർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ ചേർന്ന കാലം. അന്ന് കേരളാ യൂണിവേഴ്സിറ്റി നമുക്ക് പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനുള്ള അവസരമൊരിക്കിയിരുന്നു. ശാസ്ത്ര ഭാഷകളെല്ലാം ആംഗലേയത്തിൽ ആദ്യമായി പഠിക്കുന്ന ബുദ്ധിമുട്ട് കൊണ്ട് മലയാളത്തിൽ പരീക്ഷ എഴുതുന്നതാണ് എളുപ്പമെന്ന് ഞാനും കരുതി. കേരളകലാശാലയുടെ പാളയത്തുള്ള ഒരു വിജ്ഞാനഖനി തന്നെയായ വിപുലമായ പുസതകശാലയിൽ കേരളാ ഭാഷാ  ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മനോഹരമായ മലയാള ശാസ്ത്ര ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നു.  ആർട്സ് കോളേജിലെ പഠിത്തം കഴിഞ്ഞ് ഞാൻ ഒറ്റക്ക് മിക്ക ദിവസങ്ങളിലും പാളയത്തുള്ള  യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് നടക്കും. സാമ്പത്തിക ഞെരുക്കത്തിനാൽ വാഹനക്കൂലി ലാഭിക്കുന്നതിനായാണ് ഈ നടക്കുന്നതെങ്കിലും ഓരോ പ്രാവശ്യവും വ്യത്യസ്ഥ വഴികളിലൂടെ നടക്കുന്നതു കൊണ്ട് തിരുവനന്തപുരത്തെ മിക്ക വഴികളും ശാസ്ത്രത്തിൻ്റെ വഴികൾക്കൊപ്പം പെട്ടെന്ന് ഹൃദിസ്തമാക്കാൻ എനിക്ക് അങ്ങനെ കഴിഞ്ഞു.  കുറച്ചു നാളുകൾക്കുള്ളിൽ കോളേജിലെ ആദ്യ പരീക്ഷ വന്നു. ചോദ്യങ്ങളെല്ലാം ആംഗലേയത്തിലായിരുന്നു. ഉത്തരങ്ങളെല്ലാം ഞാൻ തരക്കേടില്ലാതെ  മലയാളത്തിലെഴുതി.  ബിരുദാനന്തര ബിരുദത്തിൽ ആദ്യ റാങ്കു വാങ്ങിയ വളരെ മിടുക്കനും മാന്യനുമായിരുന്ന നമ്മുടെ ഊർജ്ജതന്ത്രം അധ്യാപകൻ ആണ് ആദ്യമായി  പഠനമുറിയിയിൽ പരീക്ഷാ ഫലം  പ്രഖ്യാപിച്ചത്. പത്താം തരത്തിലെ പരീക്ഷയിൽ ആദ്യ റാങ്കുകാരായിരുന്ന ഹരി പി എൻ മുതൽ പ്രഗൽഭരായ ഏറെപ്പേർ എൻ്റെ കൂടെ അതേ ക്ലാസ്സിൽ പഠിക്കുന്നുണ്ട്. അവരിൽ മിക്കപേർക്കും മുഴുവൻ മാർക്കും പരീക്ഷാ ഫലത്തിൽ കിട്ടിയിട്ടുണ്ട്. ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.   പരീക്ഷക്ക് തോറ്റു പോയ ചുരുക്കം ചില കുട്ടികളുടെ ഫലമായിരുന്നു പിന്നെ വിളിക്കുന്നത്. എൻ്റെ പേര് മാത്രം വിളിക്കുന്നില്ല. പരീക്ഷയ്ക്ക് തോറ്റു കാണുമെന്ന് കരുതി എൻ്റെ ഹൃദയമതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. വീട്ടിൽ പാവം അച്ഛനോടും അമ്മയോടും എന്തു പറയും? ജീവിതത്തിൽ ഇതുവരെ പരീക്ഷകളൊന്നും തോറ്റിട്ടുമില്ല. ഒടുവിൽ അവസാന ഉത്തരക്കടലാസ്സുമായി.  അധ്യാപകൻ ചോദിച്ചു 

" അരാണീ ജയകുമാരൻ ?" 

ഞാൻ എഴുന്നേറ്റു . 

അദ്ദേഹം ദയനീയമായി എന്നെ നോക്കി. എന്നിട്ടു പറഞ്ഞു.

"ജയകുമാരാ , 

ഐ ആം സോറി.

നിങ്ങൾ എഴുതിയത് ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ആദ്യ ചോദ്യമായ വാട്ട് ഇസ് ഡെൻസിറ്റി എന്നതിന് നിങ്ങൾ എഴുതിയിരിക്കുന്നത് യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിൻ്റെ പിണ്ഡമാണ് സാന്ദ്രത എന്നാണ്.

യൂണിറ്റും പദാർത്ഥവുമൊക്കെ എനിക്ക് മനസ്സിലായി.

പക്ഷേ എന്താണ് ജയകുമാരാ ഈ പിണ്ഡം?

പിണ്ഡം വക്കുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.

സോറി

എനിക്ക് മനസ്സിലാകാത്തതു കൊണ്ട് ഞാനിതു വാല്യൂ ചെയ്തിട്ടില്ല"


വിയർത്ത് നാറി ഞാനവിടെയിരുന്നു. പിണ്ഡം വന്നു എന്നു പറഞ്ഞാൽ മതിയല്ലോ!


പിന്നീട് ആലോചിച്ചപ്പോൾ ആ അധ്യാപകൻ അന്ന് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞത് കൊണ്ട് എൻ്റെ ജീവിതം രക്ഷപ്പെട്ടു.  ശാസ്ത്ര വിഷയം  മലയാളത്തിൽ അറിയാത്ത അദ്ദേഹം എന്തെങ്കിലും  ചെയ്ത് അന്ന് തന്നിരുന്നെങ്കിലോ? 

ഞാൻ പിന്നെയുള്ള നാളുകൾ രാവ് പകലാക്കി ശാസ്ത്രം മുഴുവൻ ഇംഗ്ലീഷിൽ പഠിച്ച് പ്രവേശന പരീക്ഷക്ക് നല്ല റാങ്കും വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു ന്യൂറോ സർജനുമായി. കാലങ്ങൾ കഴിഞ്ഞു.

ഇന്നും നമ്മളിലെത്ര പേർക്ക് ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം മലയാളത്തിൽ പഠിപ്പിക്കാനാകും?

നമ്മുടെ എത്ര കുട്ടികളാണ് അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ പോലും മലയാളത്തിൽ പഠിച്ചിട്ട് വൈദ്യശാസ്ത്ര പഠനത്തിനെത്തുന്നത്?

തിരശ്ശീല ഇല്ലാത്ത ജാലകം

ജീവിത ചൂടടങ്ങുന്ന അന്തിയില്‍ മുറിയിലെ തിരശ്ശീല ഇല്ലാത്ത ജാലകത്തിനും അപ്പുറം നിരനിര യായ മന്ദിരങ്ങള്‍ക്ക് പിന്നിലായി ചെമ്പിച്ച ആകാശത്തീല്‍പതിവു പോലെ കതിരോന്‍ അസ്തമിക്കുകയായി . വേദനയും ചുമന്നെത്തുന്ന രോഗികളും പറവകളും കിട്ടിയ ആശ്വാസവും ആയി കൂടണയാനുള്ള തിരക്കിലാണ് . അത്യാഹിത വിഭാഗത്തില്‍ നീട്ടി മണി മുഴക്കി ഒരു വാഹനമെത്തുന്നു. അതില്‍ ആഘോഷം കഴിഞ്ഞെത്തിയ യുവാവിന്റെ ചേതനയറ്റ ശരീരമാണോ അതോ ജീവിതം മടുത്ത വാര്‍ദ്ധക്യത്തിന്റെ ഞരങ്ങുന്ന അസ്ഥീയും തോലുമാണോ ?
മുറിയുടെ കോണില്‍ കൂട്ടി ഇട്ട വസ്ത്രങ്ങളില്‍ ഒരെണ്ണം കൂടി ആയി . നിര്‍ജീവ മഹത് സത്യങ്ങള്‍ കുത്തി നിറച്ച പുസ്തകങ്ങള്‍ ചിതറി കിടക്കുന്ന മേശക്കരികില്‍് അയ്യാള്‍
ശ്വാസ കോശങ്ങള്‍ക്കുള്ളില്‍ അര്‍ബുദക്കറയും ലഹരിയും പകര്‍ന്ന്‌ പുറത്തു കടന്ന പുകച്ചുരുളുകള്‍ വായുവില്‍ നേര്‍ത്ത് അലിയുന്നതും ശ്രദ്ധിച്ചു ഇരിക്കുമ്പോള്‍‍ എതിരെ ഉള്ള ജാലകത്തില്‍ മിന്നിയ അഴകുള്ള മിഴികളില്‍ എന്തായിരുന്നു ?ആ കണ്ണുകളുടെ ജാലകത്തിനുള്ളില്‍ കടന്ന് കോടാനുകോടി നാഡീ കോശങ്ങളില്‍ ഉയിര്‍ക്കുന്ന ബോധത്തിനും അപ്പുറത്തുള്ള വര്‍ണ്ണ വികാര തരളിത മായ മുറിയിലേക്ക് കടക്കാന്‍ ഒരിക്കലും തുനിഞ്ഞില്ലെന്കിലും ഒരു നിമിഷത്തെക്കുള്ള ആ സൌമ്യ ദര്‍ശനം അജ്ഞാത മായ സുഗന്ധവുമായെത്തുന്ന കുളിര്‍ കാറ്റു , ജന്മാന്ധരങ്ങള്‍ കടഞ്ഞെടുത്ത് ജീനുകളില്‍ നിറച്ചു വച്ച പൌരാണിക സ്മൃതികളെ തലോടി ഉണര്‍ത്തി .

ശീതീകരിച്ച സ്വര്‍ണ്ണ ദ്രാവകത്തിന്റെ ലഹരി തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങി ഞരമ്പുകളിലേക്ക് പടര്‍ന്നു കയറുന്നു .അടുത്ത മുറിയിലെ വിഡ്ഢി പെട്ടിയെലെ ജാലകത്തില്‍ ആരോ ദൃശ്യ രംഗങ്ങള്‍ പരതുന്നു . അകലെ എങ്ങോ ഉള്ള കാല്‍ പന്ത് കളിയുടെ ആരവങ്ങളും അശ്ലീല ചുവയുള്ള ചലച്ചിത്ര ഗാന ശകലങ്ങളും കരച്ചിലില്‍ മുങ്ങിയ തുടര്‍ പരമ്പരയും അതില്‍ മിന്നി മായുന്നു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പടിപ്പടിയായ്‌ എത്തുന്ന വാര്‍ത്താപരിപാടി . ലോക സമാധാനം നേടാന്‍ ഒരു രാഷ്ട്രത്തിനെ തകര്‍ത്തെറിഞ്ഞതില്‍ പ്രതിഷേധിച്ച ജനങ്ങളുടെ മരണ കണക്കുകള്‍ . മാറി മറിഞ്ഞു വരുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ട് കെട്ടുകളുടെ അറക്കുന്ന ചവിട്ടു നാടക രംഗങ്ങള്‍ . അഭിമാനം വില്കാന്‍ മടിച്ചു ആത്മഹത്യ ചെയ്ത ദരിദ്ര കര്‍ഷകന്റെ കുടുംബത്തിന്റെ ദൈന്യദ്രിശ്യങ്ങള്‍ .
ശേഷിക്കുന്ന വിഷവും കുപ്പിയില്‍ നിന്നൂറ്റി പുറത്തേക്ക് നടക്കുമ്പോള്‍ കമ്പ്യുട്ടെര്‍ ജാലകത്തില്‍ അന്തര്‍ വലയിലൂടെ ഊളിയിടുന്ന ആളുകളുടെ തിരക്ക് . കാലദേശങ്ങളെ ചുറ്റി പ്പടര്‍ന്നു കിടക്കുന്ന സൈബര്‍ ലോകത്തിലേക്കുള്ള ജാലകം വിഞാനത്തിന്റെ മഹാ ഭാണ്ടാരത്തിലെക്കാണോ നഗ്നയായ വിദേശ സുന്ദരിയുടെ ലൈംഗിക ചേഷ്ടകളിലേക്കണോ തുറന്നിരിക്കുന്നത്?
രാത്രി ഭക്ഷണം കഴിച്ചെത്തി കിടക്കയില്‍ വീഴുമ്പോള്‍ ജാലകത്തില്‍ കൂടി പറന്നെത്തുന്ന മിന്നാമിനുങ്ങുകള്‍. ...നക്ഷത്രലോകത്തു നിന്നു എത്തിയവ ! തിരശശീലയില്ലാത്ത ജാലകതിലൂടെത്തുന്ന ചിര പരിചിതമായ മിഴികള്‍ ! നിശ്വാസത്തിന്റെ കുളിര്‍ കാറ്റില്‍ രോമ കൂപങ്ങളുടെ നര്‍ത്തനം . സ്പര്‍ശനത്തി ന്റെ വൈദ്യുത ആവേഗം സര്‍വ നാഡിയിലുംഇരമ്പുന്നു . ഓരോ അണുവിലും നക്ഷത്ര സ്പന്ദനം . ജീവിത യാദാര്‍ദ്ധ്യത്തിലെക്കു വിളിച്ചുണര്‍ത്താന്‍ അതാ ഘടികാരത്തിന്റെ മണി മുഴങ്ങുന്നു .....!

പ്രണയം

അരികിലാണെന്കിലും അകെലെയാണെത്ര നാം

അറിയുമോ നീ കൂട്ടുകാരി ?

ഒരു ചെറിയ പുഞ്ചിരി യില്‍ ഊറും പരിചയം

ഒരു നേര്‍ത്ത മൂളലില്‍ഒടുങ്ങും പരാജയം

ഉരുവിട്ടു ഞാന്‍ കരുതി വച്ച മൊഴികളും

വന ഭംഗി തേടി അടര്‍ത്ത പുഷ്പങ്ങളും

നിറ സന്ധ്യ ചാലിച്ചെടുത്ത സിന്ദൂരവും

നിന്‍ വിറ കൈകള്‍ ഏറ്റു വാങ്ങീല

അറിയില്ല നീയെന്‍ കരളിന്‍ തുടിപ്പുകള്‍
തോരാത്ത എന്‍ മിഴി നീരിന്റെ ഉപ്പും

അത്മാവിനുള്ളില്‍ ഉറഞ്ഞ നിന്നോര്‍മകള്‍

മദ്യത്തിലാഴ്ത്തി മടുത്ത സന്ദ്യകള്‍

നീറിയൊടുങ്ങും ഉറങ്ങാത്ത രാവില്‍

നിധിയായി ഞാന്‍ കാത്ത നിന്‍ പുഞ്ചിരിയില്‍

നാമ്പ് തിളിര്‍ക്കും പ്രഭാത പ്രതീക്ഷകള്‍

നേരിന്റെ ചൂടില്‍ കരിഞ്ഞൊടുങ്ങീടവേ

അരികിലാണെന്കിലും അകെലെയാണെത്ര നാം

അറിയില്ല നീയെന്നെ തോഴീ

അറിയാതെ തമ്മില്‍ കഴിയാം നമുക്കും
തുടരാം ഈ പ്രണയ നാട്യം

ഇതു കവിത അല്ലെന്റെ

കരളിന്റെ തേങ്ങലാണ്

ഇതു ഗീതം അല്ലെന്റെ

ചുണ്ടിന്‍ വിതുംബലാണ്

ഇതില്‍ നിങ്ങള്‍ അര്‍ത്ഥം തിരയാഴ്ക

ഒക്കെ പുലംബലാണ്

ഇതു നിങ്ങള്‍ മറവിയില്‍

ഇരുളിലേക്കെറിയുക

പഠന കാലം

ഉള്ളില്‍ നിറയും ഉല്സാഹം പരന്നൊഴുകുന്നു

കണ്‍കളില്‍ വിടര്‍ന്നുല്ലസിക്കുന്നാനന്ദ കുസുമാങ്ങള്‍

യൌവ്വനം തളിര്‍ത്ത നാളില്‍ ഈ വാര്‍ഡിന്‍

ഇടത്തള ങ്ങളില്‍ നാം തമ്മില്‍ കണ്ടെത്തീ



ഇതു പഠന കാലം പ്രതീക്ഷകള്‍ ഉള്ളിലുത്തേജക

മരുന്ന് പോലാര്‍ത്തിരച്ചു കയറുമ്പോള്‍


ജീവിതം കരുപ്പിടിപ്പിക്കാന്‍ വേദന രോഗവും

തിങ്ങി മരവിച്ച വാര്‍ഡുകള്‍



കണ്‍ പോളകള്‍ അടഞ്ഞു വീഴും മുന്നില്‍ രോഗ പുസ്തകം

മരുന്നിന്‍ രൂക്ഷ ഗന്ധം നിറയും മുറികളും

നിലവിളി ഞരക്കത്തിലൊടൂങ്ങും ഇടനാഴീകള്‍

എവിടെയും ശകാരങ്ങള്‍ തളര്‍ന്ന ബന്ധുക്കള്‍

മനം മടുത്തു പോം ഈ തിരക്കിനിടക്കെന്നോ

പരസ്പരം നാം പങ്കു വച്ച നിമിഷങ്ങള്‍

കുറെ പിണക്കവും ഏറേ ഇണക്കവും

മറക്കാനാവാത്ത ഓര്‍മ്മ തന്‍ മധുരവും


മനസ്സിലെ ചെപ്പില്‍ ഒക്കെ ഒളിപ്പിച്ചു

ഒടുവില്‍ തനിയെ യാത്ര ആവുമ്പോള്‍

എത്ര സുഖകരം ഈ പഠന ജീവിതം

കഠിന ജീവിതം നമ്മെ വിളിക്കുന്നു മുന്നില്‍



ഒരു ദുരന്തതിന്‍ കാഹളം കേട്ടു വരികയാണ് ഞാന്‍
അയല്ക്കാരന്റെ നിസ്കാര തഴമ്പ്
പൊട്ടിച്ചെടുത്ത നാഡികള്‍ കീറി
വിശ്വാസത്തിന്‍ മുദ്ര തേടുന്നു ചിലര്‍
മനുഷ്യത്വത്തിന്‍ നെറ്റിതന്‍ സ്നേഹ ചന്ദനം

പൊഴിഞ്ഞു ക്രൂര കുങ്കുമ കുറി പടരുന്നു
ത്രിശ്ശൂലങ്ങള്‍ സുഹൃത്തിന്‍ നെഞ്ഞു പിളര്‍ക്കുമ്പോള്‍
കബന്ദങ്ങള്‍ ഉന്മാദ നൃത്തം നടത്തുമ്പോള്‍
ദിനം തോറും ഞാന്‍ ഓരോ മൃതി കഴിഞ്ഞ്
ഉണര്‍ന്നെണീക്കുന്നു

കറുത്ത ചോരയും കഫവും തുപ്പുന്ന
വയസ്സനിന്നലെ ചുമ തൊണ്ടയില്‍ കുരുങ്ങി ചത്തെന്നോ
കവിളില്‍ സുന്ദര മറുകണിഞ്ഞ
കറുത്ത പെണ്‍കൊടി
വീര്‍ത്ത വയറുമായ് കിണറ്റിനുള്ളിലേക്കിറങ്ങി
മാനത്തിന്‍ വിഴുപ്പലക്കിയോ


കനത്ത ബൂട്ടിന്‍ കരകരപ്പില്‍

നേര് തിരഞ്ഞ ബാലന്റെ മാറിന്‍
ബയൊണേറ്റിന്‍അന്ത്യ ചുംബന

രവം മറഞ്ഞു പോയെന്നോ
വളര്‍ച്ച കേട്ടോരാ തെരുവ് കുട്ടിയെ
വിളര്‍ച്ച ബാധിച്ച അവന്റെ അമ്മതന്‍

മുന്നില്‍ ചെന്നായകള്‍ കടിച്ചു കീറുന്നു
അപസ്മാരത്തില്‍ ആണേവരും
തിളച്ച രോഷത്തെ ഉറുക്കിലാക്കിയും
തിണുത്തനോവുകള്‍ ഉറ ഞ്ഞു കൂടിയും
നെറുകേടുകള്‍ അരക്കെട്ടില്‍ എങ്ങോ ഒളിപ്പിച്ചും

അവള്‍ മന്ദഹസിച്ചു നില്ക്കുന്നു
ഇടവ പ്പാതി പെയ്തോഴിയുവാന്‍
പിന്നെ വിതക്കയാണവള്‍ വിഷത്തിന്‍ വിത്തുകള്‍


നിഴലും വെളിച്ചവും ഇടകലര്‍ന്നകലങ്ങളില്‍ ഒത്തു ചേരുന്നതും

കിനാക്കളും ഉണ്മയും കൈ പിടിച്ചൂഞ്ഞാലില്‍ ആലോലമാടുന്നതും

പകലിന്റെ കിന്നരി വെട്ടം കിഴക്ക് കണ്‍പോള കീറുന്നതും

നഗരത്തിലേക്കുള്ള വാഹനം കാത്ത പാതയോരത്തെ നനുത്ത പുലര്‍ച്ചയില്‍

ഒരു നോക്കും നെടുവീര്‍പ്പിന്‍ വാക്കും നിനക്കു ഞാന്‍ നേദിച്ചതും

പാഞ്ഞു പോയ ഒരു വിദേശ കാറിന്‍ കാറ്റടച്ചവയൊക്കെ നിപദിച്ചതും

ഒരു വിങ്ങലായ് രാവിലുള്ളില്‍ നിറയുമ്പോഴും നിനക്കായി

മിഴിപ്പുക്കള്‍ അര്‍പ്പിപ്പു വാടാത്ത

മൊഴി പ്പുക്കള്‍ അര്‍പ്പിപ്പു പിഴയാത്ത

നീയെന്‍ കുളിരും കിനാക്കളും പകലും കിളികളും
എല്ലാം കവര്‍ന്നു കടന്നു പോയോ.......

മഹാപ്രസ്ഥാനം

മഹാപ്രസ്ഥാനം
കാത്തു നില്കുന്നില്ലിവാടാരും ആരേയും
കൂടുകാരീ നീയും യാത്രയാകൂ
മോഹം തിളങ്ങുന്ന കണ്ണുമായേവരും
മഹാപ്രസ്ഥാന യാത്ര തുടരവേ
പിന്നിലിടം വലം നോക്കാതെ
മുന്നില്‍ നടന്നോന്റെ പാത തുടരവേ
സ്വാര്‍ത്ഥത്തിന്‍ യാത്ര വിളക്കും കൊളിത്തീ
ഇറങ്ങൂ ഒഴിക്കിന്റെ തേരിലേറി

ഓര്‍ക്കരുതൊന്നും നിയമം പിന്നില്‍
നോക്കരുതെന്നനുശാസിച്ചതോര്‍ക്കുക
കാലത്തുരുതിന്റെ കാണാക്കരകളില്‍
ആശ നിരാശ തന്‍ കയങ്ങളില്‍
ഒന്നിച്ചോരിക്കല്‍ വികാരങ്ങള്‍ പങ്കിട്ടു
വന്ന നാമിന്നു വേറിട്ടു പോകവേ
കാത്തു നില്ക്കുന്നതെന്തിനായ് സ്നേഹിതെ
ഒന്നുമോര്‍ ക്കാതെ നീയും യാത്രയാകൂ


രോഗം പകര്‍ന്ന വിളറിയ കണ്ണുകള്‍
ദു:ഖം പടര്‍ന്ന ഇടത്താവളങ്ങളില്‍
അര്‍ബുദം കാര്‍ന്ന ഗര്‍ഭ പാത്രങ്ങളില്‍
പട്ടിണി വേശ്യലയം നടത്തുന്നതും
വിശ്വാസം കാണിക്ക വഞ്ചി നിറപ്പതും

വഞ്ചന സിംഹാസന മേറുന്നതും
പിഴ പറ്റി ഉഴറുന്ന ഭ്രൂണ ദു :ഖങ്ങളും
ഒന്നുമറിയാതെ പോകൂ നീ സ്നേഹിതെ
യാത്ര യില്‍ ഇടം വലം നോക്കരുതെന്ന
നിയമം മാത്ര മറിയുക
കാത്തു നില്‍ക്കുന്നില്ലിവിടാരും ആരെയും
കൂട്ടുകാരീ നീയും യാത്രയാകൂ
നഷ്ട മോഹങ്ങളും ആയി ഞാനീ കൊച്ചു
ചില്ലയില്‍ സ്വപ്നത്തിന്‍ കൂട് കൂട്ടാം


1991

ഏതോ വികാരങ്ങള്‍
ഏതോ വിചാരങ്ങള്‍
ഏതോ വിനോദങ്ങള്‍
എന്താണ് നമ്മള്‍ ?
ഇന്നലെ കടല്‍ പൂത്തു നുരകള്‍
കരയെ പുല്‍കി
പിന്നെ മറവിയിലേക്ക് മാഞ്ഞു
എന്നേക്കുമായ്
ഒടുവിലൊരു തീക്കനല്‍
തുള്ളിയെ വരിച്ച് അവള്‍
ഉറങ്ങി ശാന്തയായ്
Niagara falls

My dear Friend
I am Jayakumaran
And this is my humble attempt to express myself. that is my recollections (smrithi) .This will be an ordinary blog of an ordinary person. As the net today is filled with extraordinary events of extraordinary people and most of us are just ordinary; our experiences also need to be expressed. So this is dedicated to billions of silent ,ordinary people who lived , died and still living in this world...........