Tool Kit

 എന്താണീ പണിയായുധ സഞ്ചി (tool Kit)?

അത് അറിയില്ലെങ്കിലും ഞാനത് തേടി നടന്നു.

നിലനില്പിൻ്റെ പോരാട്ട മൃഗതൃഷ്ണകളും അജ്ഞതയുടെ അന്ധകാരവും നിറഞ്ഞവനാന്തരങ്ങളിലൂടെ, സംസ്കാര സൗഗന്ധികങ്ങൾ മുളയിട്ട മലഞ്ചരിവുകളിലൂടെ, കലയുടെ കളകളാരവ സംഗീതം പൊഴിയുന്ന പുഴയുടെ പുളിന പ്രദേശങ്ങളിലൂടെ, കലപില പ്രേമസല്ലാപം നടത്തുന്ന ക്രൗഞ്ചമിഥുനങ്ങളുടെ പ്രണയ പരിസരങ്ങളിലൂടെ, രാവിൻ്റെ ഏകാന്തതയിൽ ആകാശത്തു വിരിഞ്ഞ ആതിര താരത്തിൻ്റെ കൺവെട്ടത്തിൽ, ജീവിതഗന്ധം നിറഞ്ഞ പൊടിപാറുന്ന മൺപാതകളിലൂടെ, ഞാനത് തേടി നടന്നു. എങ്ങുമതിനെ കണ്ടില്ല.

അധ്വാനിക്കുന്നവൻ്റെ അത്മാഭിമാനത്തെ തളച്ച് അടിമയാക്കാനുള്ള യാഗശാലകളിലെ മന്ത്ര കൂടോത്രങ്ങൾക്കിടയ്ക്ക് ഉറപ്പിച്ച യോഗദണ്ഡും മനസ്മൃതിയും, ദക്ഷിണയായി പിടിച്ചു പറിച്ച കാമധേനുക്കളും, മാതൃചോര പുരണ്ട പരശുവും കണ്ടു ഭയന്നു

ഞാൻ മുന്നോട്ടു നടന്നു.

തിരക്കുപിടിച്ച ദേശീയ പാതകളിലെ വാഹന കുരുക്കുകളുടെയിടയിൽ പെട്ടു ഞാൻ ഉഴലുമ്പോൾ പാതയോരത്ത് ഞാൻ കണ്ടത് യുഗങ്ങൾക്കു മുന്നേയുള്ള കാവി കൊടി പാറുന്ന തൃശൂലവും യോഗദണ്ഡും ഒളിപ്പിച്ചു വച്ച നിർദ്ദാഷിണ്യ അത്യാഗ്രഹ രക്ഷസ്സുകളെ തന്നെയായിരുന്നു. 

ധൃതി പിടിച്ച അപരിചിത ജനക്കൂട്ടത്തെ കെട്ടിവലിച്ചു കൊണ്ടു പോകുന്ന മെട്രോ വണ്ടി കളിൽ തെളിഞ്ഞത് മനുഷ്യ തുല്യതയുടെ കനിവല്ല , സവർണ്ണ-പുരുഷ മേധാവിത്വത്തിൻ്റെ അഹങ്കാരം മാത്രമായിരുന്നു.

വഴിയരികിൽ കാണുന്നതോ കൃത്രിമ പെരുങ്കള്ളത്തിൽ കൂടി മരുന്നു വിറ്റ് കോടാനുകോടി ഉണ്ടാക്കിയവൻ കൈ കാലുകൾ പിണഞ്ഞു കെട്ടി വയറുമൊട്ടിച്ചു നിൽക്കുന്ന പരസ്യ ഹാസ്യ ചിത്രം.

മറ്റൊന്ന്, തരും ഞാൻ നിങ്ങൾക്കമ്പത് നാളിനുള്ളിൽ വാഗ്ദത്ത ഭൂമി ഇല്ലെങ്കിൽ നിങ്ങൾ എന്നെ അഗ്നിയിൽ അർപ്പിച്ചു കൊള്ളൂ എന്ന വിലപിച്ചവൻ്റെ കൂൺ കഴിച്ച് വീർത്ത് കോട്ടിൽ പൊതിഞ്ഞ് കൈകൂപ്പി നിൽക്കുന്ന കോമാളി ചിത്രം.

അതിൻ്റെ അടിയിലെങ്ങോ നഗരങ്ങളിൽ നിന്ന് പാലായനം ചെയ്ത  ലക്ഷങ്ങളിൽ  , വിശന്നൊട്ടിയ വയറും, വിണ്ടുകീറി  വൃണങ്ങളായ കാലുമായി നിലത്തിരിക്കുന്ന ഭാരത മാതാവിൻ്റെ മാറിൽ നുണഞ്ഞിട്ട് ഒരിറ്റു പാൽ കിട്ടാഞ്ഞിട്ടും കരയാൻ പോലും ആവതില്ലാതെ തളർന്നുറങ്ങുന്ന പുതിയ തലമുറ.


ധാർമ്മിക നിയമസംഹിതകളുടെ ആധുനിക വേദപുസ്തകളിൽ,  പണ്ടെങ്ങോ പഠിച്ച ഫോറൻസിക് മെഡിസിൻ്റെ പുസ്തകത്താളുകളിൽ, അറിവിൻ്റെ ഉറവിടങ്ങളായ ഹാരിസണ്ണിലും ഡേവിഡ് സണ്ണിലും അച്ചടക്കത്തിൻ്റെ അച്ചിൽ എന്നെ വാർത്ത ആർമി ആക്ടിലും ആർമി നിയമങ്ങളിലുമൊക്കെ ഞാനീ പണിയായുധ സഞ്ചി തിരഞ്ഞു

എങ്ങും അതിനെ കണ്ടില്ല.


ഒടുവിൽ ഞാനത് കണ്ടു.

പകലന്തിയോളം സൂര്യതാപത്തിൽ  പാടങ്ങളിൽ പണി ചെയ്ത് കഷ്ടതയുടെ വിത്തു വിതച്ച് സ്വന്തം വിയർപ്പിറ്റച്ച് നനച്ച് ഒടുവിൽ സ്വപ്നങ്ങൾ പൂത്ത് പ്രതീക്ഷയുടെ ധാന്യം വിളയുമ്പോൾ കൊള്ളയടിക്കാൻ വരുന്ന കുത്തകകളെയും സ്നേഹത്തോടെ ഊട്ടുന്ന കർഷകരുടെ ഇടയിൽ ഞാൻ അതു കണ്ടു. ശരിക്കുള്ള പണിയായുധ സഞ്ചി!

കൊതുക് യുദ്ധം


പതിവ് പോലെ പൂർണ്ണമായും ബോധം നശിച്ച് ഉറങ്ങാത്ത ഒരു രാത്രി. വെളുപ്പിന് രണ്ടു മണിയോളം ആയിക്കാണും. എന്തോ അപശബ്ദങ്ങൾ കേട്ടുണർന്നു നോക്കുമ്പോൾ എൻ്റെ സഹധർമ്മിണി ഒരു ഭദ്രകാളിയെപ്പോലെ ചീനയുടെ വൈദ്യുത ബാറ്റു വച്ചു പാവം കൊതുകുകളെ അറിഞ്ചം പുറിഞ്ചം അരുംകൊല ചെയ്യുമ്പോഴുള്ള അവറ്റകളുടെ ആർത്തനാഥമാണ് ആ കേൾക്കുന്ന ശബ്ദം എന്ന് മനസ്സിലായി. ആ പ്രവൃത്തി ജീവീ സ്നേഹം അലിഞ്ഞു ചേർന്ന എൻ്റെ ഹൃദയത്തെ ഉടനടി തളർത്തുന്ന ഒന്നായിരുന്നു. നമ്മുടെ ശരീരത്തിലെ ദുഷിച്ച രക്തം വലിച്ചു മാറ്റി ആരോഗ്യം നൽകുന്ന ആയുർവേദ ചികിത്സ സൗജന്യമായി ചെയ്തു തരുന്ന പഞ്ചപാവങ്ങളായ ഈ പൈതജീവികളെ നിഷ്കരുണം കൊന്നു തള്ളുന്നത് മതിയാക്കാൻ ഞാൻ അഭ്യർത്ഥിച്ചത് എൻ്റെ പ്രീയതമ നിഷ്കരുണം തളളിക്കളഞ്ഞു. മലമ്പനിയും മന്തും ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും മഞ്ഞപ്പനിയും ഒക്കെ ഉണ്ടാക്കി ഒരു വർഷം ഇരുപതു ലക്ഷത്തിലേറെ പാവം മനുഷ്യരെ കൊല്ലുന്ന ഈ കൊടും ഭീകരന് വേണ്ടിയാണല്ലോ നിങ്ങടെ വക്കാലത്ത് എന്നായി ഭാര്യ. മലമ്പനിയും മന്തുമൊക്കെ നമ്മുടെ നാട്ടിൽ നിന്ന് എന്നേ പോയി. ഞാനും വിട്ടില്ല. മഞ്ഞപ്പനി ഭാരതത്തിലേയില്ല. ഡങ്കിയും ചിക്കൻ ഗുനിയയുമൊക്കെ പരത്തുന്ന ഈഡിസ് കൊതുക് ഈ വെളുപ്പാൻ കാലത്തു കടിക്കാൻ വരില്ല.  പകലാണ് മൂപ്പരുടെ രക്തപാനത്തിൻ്റെ സമയം. അതു കൊണ്ട് എൻ്റെ പ്രാണപ്രീയേ നീ ഈ കൊതുകുകളോട് സദയം ക്ഷമിച്ചാലും .  ഞാൻ നയം വ്യക്തമാക്കി. രോഗികൾക്ക് ആൻറിബയോട്ടിക്കുകൾ കൊടുത്ത് കോടിക്കണക്കിന് ബാക്ടീരയകളെ കൊന്നൊടുക്കുന്ന ഒരു ഒന്നാന്തരം കൊലപാതകിയായ  നിങ്ങൾ തന്നെ ഇതു പറയണം. ശ്രീമതിയും വിടാൻ ഭാവമില്ല. ഞാൻ അണുക്കളെ ആൻ്റിബയോട്ടിക്ക് വിഷം നൽകി സ്നേഹപൂർവ്വം മാത്രം കൊല്ലുന്ന  ഒന്നാം വർഗ്ഗ ഉത്തോലക കൊലപാതകനെങ്കിൽ നീ കൊതുകകളെയും അവയുടെ ഉള്ളിലുള്ള അണുക്കളെയും ഒക്കെ ഷോക്കടിപ്പിച്ച് എരിയിച്ചു കളയുന്ന രണ്ടാം വർഗ്ഗ ഉത്തോലക കൊലപാതകിയായ ഭീകരിയല്ലേ?  കഴിഞ്ഞ ആഴ്ച  ഒരു പാവം മൂഷികനെ കെണി വച്ച് പിടിച്ച് ആ കരാള ഹസ്തം കൊണ്ട് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു ആ ജീവനെയും അതിൻ്റെ ഉള്ളിലെ അനേകം അണു ജീവനുകളെയും ബയോഗ്യാസിലിട്ട്  ദഹിപ്പിച്ച കിരാത ഹസ്തയല്ലേ നീ?

കുളിമുറിയിൽ പാറ്റയെക്കണ്ട് മോൾ പേടിച്ചു നിലവിളിച്ചപ്പോൾ മോളെ നിൻ്റെ അപ്പുപ്പന്മാർ കാട്ടിൽ ആനയേയും സിംഹങ്ങളെയും പോലും ഭയക്കാതെ കിടന്ന് ഉറങ്ങിയവരാണ്‌, അവരുടെ കൊച്ചു മോൾ ഈ കൊച്ചു പാറ്റയെ കണ്ട് ഭയക്കണ്ട എന്ന് ഞാൻ അവളെ സമാധാനിപ്പിച്ചപ്പോൾ നീ കൊടിയ ഹിറ്റെടുത്ത് പാറ്റ കുഞ്ഞുങ്ങളുടെ തലക്കടിച്ച് കൊന്ന കൊടും ഭീകരയല്ലേ? പാറ്റയും കൊതുകമെല്ലാം ജീവവംശത്തിലെ നമ്മുടെ പിതാമഹൻ്റെ അളിയൻ ആർത്രോപ്പൊഡ കുടുംബത്തിലെ കുഞ്ഞന്മാരാണ് എന്ന് ഡാർവിൻ അങ്കിൾ പറഞ്ഞത് നീ സ്കൂളിൽ പഠിച്ചിട്ടുള്ളതല്ലേ? അഹിംസാ പരമോ ധർമ്മമെന്ന ഋഷി പ്രോക്തം മറന്ന അധർമ്മ കാപാലികേ നിന്നോടും നിൻ്റെ പിറക്കും പിറക്കും സന്തതികളോടും  പ്രകൃതി മാതാവ് ഒരിക്കലും പൊറുക്കുക യില്ല , ഇത് സത്യം സത്യം സത്യം! ഞാൻ ആണയിട്ടു ശ്വാസം വിട്ടു.


കിടപ്പുമുറിയിലെ ജനാലയിലെ വിടവിലൂടെ പറന്നു വരുന്ന കൊതുക് ചീനപ്പടയെ ചീന വടി വീശി ദഹിപ്പിച്ചു കൊണ്ടിരുന്ന അവൾ അതു നിർത്തി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

അല്ലെങ്കിലും നിങ്ങൾക്കു വേണ്ടി ഈ പാപക്രീയകൾ ചെയ്യുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ! അത് മനസ്സിലാക്കിയ വാത്മീകി മഹാകവിയായി. ഞാനിപ്പോഴും നിങ്ങൾക്കു വേണ്ടി പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. അവളുടെ കൺപീലിയിൽ വിടർന്ന കണ്ണുനീർ മുത്തുകൾ വൈദ്യുത വെളിച്ചത്താൽ തിളങ്ങി. ആ ബയോഗ്യാസിൽ ആണ് മനുഷ്യാ വിതച്ചാൽ ഓരോന്നും ജീവനുള്ള നെൽചെടിയാകാവുന്ന അരിയെ പുഴുങ്ങി ചോറാക്കി, കോഴിക്കുഞ്ഞാകേണ്ടിയിരുന്ന മുട്ട പൊരുച്ച് ഓംലെറ്റുമാക്കി നിങ്ങൾക്ക് ഞണ്ണാൻ തന്നത്‌. അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് നാട്ടുകാരെ സേവിക്കാനല്ലേ സമയം. എൻ്റെയും പിള്ളേരുടെയും കാര്യം ആര് നോക്കാൻ? അവൾ വിതുമ്പി. കുടുംബഭദ്രതയിൽ കൊച്ച് കൊതക് വഹിക്കുന്ന മഹനീയ സ്ഥാനം മനസ്സാ സ്മരിച്ചു കൊണ്ട്

മുള്ളുവടിവച്ച്‌ ചീനപട്ടാളക്കാർ അടിച്ച് പഞ്ചറാക്കിയ അതിർത്തി സൈനികനെപ്പോലെ ഞാൻ കിടക്കയിൽ ചുരുണ്ട് കൂടി, നഷ്ടപെട്ട ഉറക്കം തിരികെ പിടിക്കാനുള്ള പാഴ്ശ്രമത്തിൽ കണ്ണും പൂട്ടി കിടന്നു.

ഡിസിപ്ലിൻ സമൂഹ നന്മക്ക്

1993-ൽ ഞാൻ തഞ്ചാവൂർ വായുസേനാ സ്റ്റേഷനിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്ന സമയം. ഞാൻ പട്ടാളത്തിൽ ചേർന്ന് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. PT യും പരേഡുമൊന്നും പഠിച്ചിട്ടില്ല. കഷ്ടിച്ച് അറ്റൻഷനും സലൂട്ടുമൊക്കെ സീനിയറായ ഒരാപ്പീസർ ജോലിക്ക് ചേർന്നയന്നു തന്നെ പഠിപ്പിച്ച് തന്നത് വച്ച് ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് പോകുന്നു .

അന്ന് തഞ്ചാവൂർ സ്റ്റേഷൻപ്രവർത്തിക്കുന്നത് വിമാനത്താവളത്തിൻ്റെ ഒരു മൂലക്കുള്ള പല ടെൻ്റുകളിലായിട്ടാണ്. പട്ടാള ആശുപത്രിക്ക് രണ്ട് ടെൻ്റ്, അകൗണ്ട്സ് വിഭാഗത്തിന് ഒരു ടെൻ്റ് അങ്ങനെയങ്ങനെ പോകുന്നു. റൺവേയുടെ അടുത്ത് മരങ്ങളും തണലുമൊന്നുമില്ല. എപ്രിൽ മെയ് മാസങ്ങളിൽ പൊരിയുന്ന ചൂടിൽ വിയർപ്പുപോലും ആവിയായി പോയി കരിഞ്ഞിരുന്നു വേണം ജോലി ചെയ്യാൻ. ഓഫീസർമാരായ ഞങ്ങൾക്ക് അത്യാവശ്യം മൂളുന്ന ഒരു കൂളർ തന്നിട്ടുണ്ട് .അതിൽ നിന്ന് വരുന്നതു തന്നെ തിളക്കുന്ന കാറ്റാണ്. സ്റ്റേഷൻ്റെ ഏതാണ്ട് മധ്യഭാഗത്തുള്ള ഏറ്റവും മുന്തിയ ടെൻ്റ് ആയിരുന്നു കമാണ്ടിംഗ് ഓഫീസറുടേത്. അദ്ദേഹം തൻ്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഇടയിൽ ഒരു വീരശൂരപരാക്രമി, വിംഗ് കമാണ്ടറായ ഒരു തമിഴ് സിംഹമായിരുന്നു. ക്യാമ്പിൻ്റെ സംരക്ഷണം മൊത്തമായി DSC ജവാന്മാർക്കായിരുന്നു. പട്ടാളത്തിൽ നിന്ന്‌ വിരമിച്ച പാവം ജവാന്മാർക്ക് മറ്റ് യാതൊരു ജോലിയും കിട്ടാതാവുമ്പോഴാണ് വീണ്ടും DSc യിൽ ചേരാനുള്ള വിധിയുണ്ടാകുക.

ഒരിക്കൽ ഞാനും എൻ്റെ സുഹൃത്ത് സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള സെക്യൂരിറ്റി ഓഫീസറും കൂടി കമാണ്ടിംഗ് ഓഫിസറിൻ്റെ ടെൻ്റിൻ്റെ അല്പമകലെയായി സി ഒ യെ കാത്ത് നില്ക്കുകയാണ്‌. അദ്ദേഹം ടെൻ്റിൽ ഇല്ല.

അതു വഴി കടന്നു പോകുന്ന ജവാന്മാരെല്ലാം സി.ഒ യുടെ ടെൻ്റിനെ നോക്കി സല്യൂട്ട് ചെയ്തിട്ടാണ് പോകുന്നത്. ഇത് കണ്ടാശ്ചര്യപ്പെട്ട് ഞാൻ സെക്യൂരിറ്റി ഓഫീസറിനോട് തിരക്കി. 

" എന്തിനാ സാർ ഇവരെല്ലാം ഒഴിഞ്ഞ ടെൻ്റിനെ സല്യൂട്ട് ചെയ്യുന്നത്?"

സെക്യൂരിറ്റി ആപ്പീസർ സാർ  മഹത്തായ ഒരു വിജ്ഞാനമെടുത്ത് എനിക്ക് വിളമ്പി.

" ജയകുമാർ നമ്മൾ വ്യക്തികളെയല്ല ആ സ്ഥാനത്തെയാണ് മാനിക്കുന്നത്. അതു കൊണ്ടദ്ദേഹമവിടെയില്ലെങ്കിലും ആ കസേരയെ ബഹുമാനിക്കണം"

എത്ര ഉജ്വലമായ ആശയം. അദ്ദേഹം ഇരിക്കുന്ന ടെൻ്റിനെ പോലെ അദ്ദേഹത്തിൻ്റെ വാഹനത്തേയും കടന്നു പോകുന്ന റോഡിനെയും വയറിൻ്റെ അസ്വാസ്ഥ്യം കുറക്കുന്ന മൂത്രപ്പുരയെയുമൊക്കെ സല്യൂട്ട് ചെയ്യണമോയെന്ന് ഞാൻ ചോദിച്ചില്ല. അതിന് ഒരു കാരണമുണ്ട് .ഞാൻ പട്ടാളത്തിൽ ചേർന്നയന്ന് എന്നെ സെല്യൂട്ട് പഠിപ്പിച്ചു തന്ന വിദ്വാൻ സാർ മറ്റൊരു മഹത്തായ സർവ്വകാല സത്യം കൂടെ എന്നെ ഉണർത്തിയിരുന്നു. പട്ടാളത്തിൽ നിനക്ക് അസൗകര്യമുണ്ടാകാതെ ജോലി ചെയ്യണമെന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് ചോദ്യങ്ങൾ ചോദിക്കരുത് എന്നതാണ്. അതായത് സംഗതി സിമ്പിൾ "First obey , then also Obey " .


നമ്മുടെ നാട്ടിലെ അരോഗദൃഢഗാത്രരായ യുവാക്കളെ തിരഞ്ഞുപിടിച്ച് മാനസികമായും ശാരീരികമായും ഭേദ്യം ചെയ്ത് ഒരു വർഷം PT , Parade തുടങ്ങിയ അടിതടയും അല്പം നിയമമൊക്കെ പഠിപ്പിച്ച് പോലീസുകാരാക്കും. അവരുടെ മനസ്സിലെ യന്ത്രം പിന്നെ അധികാരമുള്ള മൈൽ കുറ്റിയായാലും സല്യൂട്ടടിക്കുക അല്ലാത്തവൻ്റെ കരണത്തടിക്കുക എന്ന തീരുമാനമെടുക്കുന്ന രീതിയിലേക്ക് മാറിപ്പോകുന്നതിനെ എങ്ങനെ കുറ്റം പറയുവാനാകും? സ്വന്തം അമ്മ

കൊറോണ ബാധിച്ച് വീട്ടിൽ കിടന്ന് കുറേശ്ശേ മരിച്ചു കൊണ്ടിരിക്കുമ്പോഴും റോഡിൻ്റെ ഓരത്ത് നിന്ന് പൊടിയും പുകയും മഴയുമേറ്റ് അർധ പ്പട്ടിണിക്കാരായ സ്വന്തം സഹോദരങ്ങളുടെ മുന്തിയിലെ പണം ഫൈനായി പിടിച്ച് പറിച്ച് സർക്കാർ ഏമാന്മാർക്ക് അടക്കേണ്ടുന്ന ഒരു പോലീസ്കാരന് അവൻ്റെ പ്രതിഷേധം DGP യുടെ ചെവിക്കല അടിച്ചു പൊട്ടിച്ചു തീർക്കുവാൻ പറ്റുമോ? അല്ലെങ്കിൽ തന്നെ കൊറോണ രോഗം ഒരു ക്രമസമാധാന പ്രശ്നവും ചികിത്സ നിശ്ചയിക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വം വൈറസ്സിൻ്റെ ബാലപാഠം പോലുമറിയാത്ത പാവം പോലീസ്സിൻ്റെ കൈകളിലുമാണ്. നിങ്ങൾ അടി തട പഠിപ്പിച്ചു വിട്ടിട്ട്  അവൻ്റെ ഉള്ളിലെ സാഹിത്യവും സംസ്കാരവും നന്മയുമൊക്കെ അച്ചടക്കത്തിൻ്റെ ചൂടുകാറ്റിൽ വറട്ടിക്കളഞ്ഞിട്ട് ജനമൈത്രിയെന്നോ ജന സേവനമെന്നോ പേരു മാറ്റിയിട്ടെന്തു കാര്യം?

വൈദ്യ ശാസ്ത്ര പഠനം

 ആധുനിക വൈദ്യശാസ്ത്ര പഠനം മാതൃഭാഷയിലാകണമോ എന്ന ചർച്ച നടക്കുന്ന കാലമാണല്ലോ ഇപ്പോൾ ? 


"മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–

മിണ്ടിത്തുടങ്ങാൻശ്രമിക്കുന്ന

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!

മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ "

എന്ന് വള്ളത്തോൾ എഴ നമ്മുടെ എല്ലാം ഹൃദയത്തിലിന്നുമുണ്ട്. മാതൃഭാഷയിലുള്ള പഠനവും ചിന്തകളും ആശയം ഉൾകൊള്ളാൻ എളുപ്പമാക്കുമെന്നും അവ ഓർമ്മകളിൽ സൂക്ഷിക്കാനും സഹായിക്കുമെന്നുള്ളതും അവിതർക്കിതമാണ്. 

വസുധൈവ കുടുംബകം   ( ലോകമേ തറവാടു ) എന്ന മഹാ ഉപനിഷത്തിലെ സൂക്തം പ്രായോഗിക ജീവിതത്തിൽ പുലരുന്ന ഈ കാലഘട്ടത്തിൽ വിശ്വ പൗരന്മാരായി വ്യക്തിത്വം വികസിക്കുന്നതിന് പകരം വെറും കൂപമണ്ഡൂകങ്ങളായി ഭാവി തലമുറ അധപതിക്കണമോ എന്നുള്ളതും പ്രസക്തമായ ഒരു ചോദ്യമാണ്?


ഈ തർക്കം ഇങ്ങനെ നില നില്ക്കവേ തന്നെ ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖല  മാതൃഭാഷയിലേക്ക് മാറ്റാനായി നാം തയ്യാറായോ എന്നതു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങളുടെ കേവലമൊഴിമാറ്റം കൊണ്ടു മാത്രം സാധ്യമാകുന്നതാണോ വളരെ സങ്കീർണ്ണമായ ഈ പഠന പ്രക്രിയ ?


ഇത്തരുണത്തിൽ എനിക്കുണ്ടായ രസകരമായ ഒരു ചെറു സംഭവം ഓർമ്മ വരുന്നു. നാട്ടിൻ പുറത്തുള്ള ഒരു സാധാരണ മലയാള മാധ്യമ വിദ്യാലയത്തിൽ നിന്നും പത്താം തരവും ജയിച്ചു അഭിമാനത്തോടു കൂടി 1983-ൽ തിരുവനന്തപുരം നഗരത്തിലെ  പ്രശസ്തമായ കലാശാലയായ ഗവൺമെൻ്റ് ആർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ ചേർന്ന കാലം. അന്ന് കേരളാ യൂണിവേഴ്സിറ്റി നമുക്ക് പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനുള്ള അവസരമൊരിക്കിയിരുന്നു. ശാസ്ത്ര ഭാഷകളെല്ലാം ആംഗലേയത്തിൽ ആദ്യമായി പഠിക്കുന്ന ബുദ്ധിമുട്ട് കൊണ്ട് മലയാളത്തിൽ പരീക്ഷ എഴുതുന്നതാണ് എളുപ്പമെന്ന് ഞാനും കരുതി. കേരളകലാശാലയുടെ പാളയത്തുള്ള ഒരു വിജ്ഞാനഖനി തന്നെയായ വിപുലമായ പുസതകശാലയിൽ കേരളാ ഭാഷാ  ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മനോഹരമായ മലയാള ശാസ്ത്ര ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നു.  ആർട്സ് കോളേജിലെ പഠിത്തം കഴിഞ്ഞ് ഞാൻ ഒറ്റക്ക് മിക്ക ദിവസങ്ങളിലും പാളയത്തുള്ള  യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് നടക്കും. സാമ്പത്തിക ഞെരുക്കത്തിനാൽ വാഹനക്കൂലി ലാഭിക്കുന്നതിനായാണ് ഈ നടക്കുന്നതെങ്കിലും ഓരോ പ്രാവശ്യവും വ്യത്യസ്ഥ വഴികളിലൂടെ നടക്കുന്നതു കൊണ്ട് തിരുവനന്തപുരത്തെ മിക്ക വഴികളും ശാസ്ത്രത്തിൻ്റെ വഴികൾക്കൊപ്പം പെട്ടെന്ന് ഹൃദിസ്തമാക്കാൻ എനിക്ക് അങ്ങനെ കഴിഞ്ഞു.  കുറച്ചു നാളുകൾക്കുള്ളിൽ കോളേജിലെ ആദ്യ പരീക്ഷ വന്നു. ചോദ്യങ്ങളെല്ലാം ആംഗലേയത്തിലായിരുന്നു. ഉത്തരങ്ങളെല്ലാം ഞാൻ തരക്കേടില്ലാതെ  മലയാളത്തിലെഴുതി.  ബിരുദാനന്തര ബിരുദത്തിൽ ആദ്യ റാങ്കു വാങ്ങിയ വളരെ മിടുക്കനും മാന്യനുമായിരുന്ന നമ്മുടെ ഊർജ്ജതന്ത്രം അധ്യാപകൻ ആണ് ആദ്യമായി  പഠനമുറിയിയിൽ പരീക്ഷാ ഫലം  പ്രഖ്യാപിച്ചത്. പത്താം തരത്തിലെ പരീക്ഷയിൽ ആദ്യ റാങ്കുകാരായിരുന്ന ഹരി പി എൻ മുതൽ പ്രഗൽഭരായ ഏറെപ്പേർ എൻ്റെ കൂടെ അതേ ക്ലാസ്സിൽ പഠിക്കുന്നുണ്ട്. അവരിൽ മിക്കപേർക്കും മുഴുവൻ മാർക്കും പരീക്ഷാ ഫലത്തിൽ കിട്ടിയിട്ടുണ്ട്. ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.   പരീക്ഷക്ക് തോറ്റു പോയ ചുരുക്കം ചില കുട്ടികളുടെ ഫലമായിരുന്നു പിന്നെ വിളിക്കുന്നത്. എൻ്റെ പേര് മാത്രം വിളിക്കുന്നില്ല. പരീക്ഷയ്ക്ക് തോറ്റു കാണുമെന്ന് കരുതി എൻ്റെ ഹൃദയമതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. വീട്ടിൽ പാവം അച്ഛനോടും അമ്മയോടും എന്തു പറയും? ജീവിതത്തിൽ ഇതുവരെ പരീക്ഷകളൊന്നും തോറ്റിട്ടുമില്ല. ഒടുവിൽ അവസാന ഉത്തരക്കടലാസ്സുമായി.  അധ്യാപകൻ ചോദിച്ചു 

" അരാണീ ജയകുമാരൻ ?" 

ഞാൻ എഴുന്നേറ്റു . 

അദ്ദേഹം ദയനീയമായി എന്നെ നോക്കി. എന്നിട്ടു പറഞ്ഞു.

"ജയകുമാരാ , 

ഐ ആം സോറി.

നിങ്ങൾ എഴുതിയത് ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ആദ്യ ചോദ്യമായ വാട്ട് ഇസ് ഡെൻസിറ്റി എന്നതിന് നിങ്ങൾ എഴുതിയിരിക്കുന്നത് യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിൻ്റെ പിണ്ഡമാണ് സാന്ദ്രത എന്നാണ്.

യൂണിറ്റും പദാർത്ഥവുമൊക്കെ എനിക്ക് മനസ്സിലായി.

പക്ഷേ എന്താണ് ജയകുമാരാ ഈ പിണ്ഡം?

പിണ്ഡം വക്കുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.

സോറി

എനിക്ക് മനസ്സിലാകാത്തതു കൊണ്ട് ഞാനിതു വാല്യൂ ചെയ്തിട്ടില്ല"


വിയർത്ത് നാറി ഞാനവിടെയിരുന്നു. പിണ്ഡം വന്നു എന്നു പറഞ്ഞാൽ മതിയല്ലോ!


പിന്നീട് ആലോചിച്ചപ്പോൾ ആ അധ്യാപകൻ അന്ന് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞത് കൊണ്ട് എൻ്റെ ജീവിതം രക്ഷപ്പെട്ടു.  ശാസ്ത്ര വിഷയം  മലയാളത്തിൽ അറിയാത്ത അദ്ദേഹം എന്തെങ്കിലും  ചെയ്ത് അന്ന് തന്നിരുന്നെങ്കിലോ? 

ഞാൻ പിന്നെയുള്ള നാളുകൾ രാവ് പകലാക്കി ശാസ്ത്രം മുഴുവൻ ഇംഗ്ലീഷിൽ പഠിച്ച് പ്രവേശന പരീക്ഷക്ക് നല്ല റാങ്കും വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു ന്യൂറോ സർജനുമായി. കാലങ്ങൾ കഴിഞ്ഞു.

ഇന്നും നമ്മളിലെത്ര പേർക്ക് ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം മലയാളത്തിൽ പഠിപ്പിക്കാനാകും?

നമ്മുടെ എത്ര കുട്ടികളാണ് അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ പോലും മലയാളത്തിൽ പഠിച്ചിട്ട് വൈദ്യശാസ്ത്ര പഠനത്തിനെത്തുന്നത്?