പ്രണയം

അരികിലാണെന്കിലും അകെലെയാണെത്ര നാം

അറിയുമോ നീ കൂട്ടുകാരി ?

ഒരു ചെറിയ പുഞ്ചിരി യില്‍ ഊറും പരിചയം

ഒരു നേര്‍ത്ത മൂളലില്‍ഒടുങ്ങും പരാജയം

ഉരുവിട്ടു ഞാന്‍ കരുതി വച്ച മൊഴികളും

വന ഭംഗി തേടി അടര്‍ത്ത പുഷ്പങ്ങളും

നിറ സന്ധ്യ ചാലിച്ചെടുത്ത സിന്ദൂരവും

നിന്‍ വിറ കൈകള്‍ ഏറ്റു വാങ്ങീല

അറിയില്ല നീയെന്‍ കരളിന്‍ തുടിപ്പുകള്‍
തോരാത്ത എന്‍ മിഴി നീരിന്റെ ഉപ്പും

അത്മാവിനുള്ളില്‍ ഉറഞ്ഞ നിന്നോര്‍മകള്‍

മദ്യത്തിലാഴ്ത്തി മടുത്ത സന്ദ്യകള്‍

നീറിയൊടുങ്ങും ഉറങ്ങാത്ത രാവില്‍

നിധിയായി ഞാന്‍ കാത്ത നിന്‍ പുഞ്ചിരിയില്‍

നാമ്പ് തിളിര്‍ക്കും പ്രഭാത പ്രതീക്ഷകള്‍

നേരിന്റെ ചൂടില്‍ കരിഞ്ഞൊടുങ്ങീടവേ

അരികിലാണെന്കിലും അകെലെയാണെത്ര നാം

അറിയില്ല നീയെന്നെ തോഴീ

അറിയാതെ തമ്മില്‍ കഴിയാം നമുക്കും
തുടരാം ഈ പ്രണയ നാട്യം

ഇതു കവിത അല്ലെന്റെ

കരളിന്റെ തേങ്ങലാണ്

ഇതു ഗീതം അല്ലെന്റെ

ചുണ്ടിന്‍ വിതുംബലാണ്

ഇതില്‍ നിങ്ങള്‍ അര്‍ത്ഥം തിരയാഴ്ക

ഒക്കെ പുലംബലാണ്

ഇതു നിങ്ങള്‍ മറവിയില്‍

ഇരുളിലേക്കെറിയുക

പഠന കാലം

ഉള്ളില്‍ നിറയും ഉല്സാഹം പരന്നൊഴുകുന്നു

കണ്‍കളില്‍ വിടര്‍ന്നുല്ലസിക്കുന്നാനന്ദ കുസുമാങ്ങള്‍

യൌവ്വനം തളിര്‍ത്ത നാളില്‍ ഈ വാര്‍ഡിന്‍

ഇടത്തള ങ്ങളില്‍ നാം തമ്മില്‍ കണ്ടെത്തീഇതു പഠന കാലം പ്രതീക്ഷകള്‍ ഉള്ളിലുത്തേജക

മരുന്ന് പോലാര്‍ത്തിരച്ചു കയറുമ്പോള്‍


ജീവിതം കരുപ്പിടിപ്പിക്കാന്‍ വേദന രോഗവും

തിങ്ങി മരവിച്ച വാര്‍ഡുകള്‍കണ്‍ പോളകള്‍ അടഞ്ഞു വീഴും മുന്നില്‍ രോഗ പുസ്തകം

മരുന്നിന്‍ രൂക്ഷ ഗന്ധം നിറയും മുറികളും

നിലവിളി ഞരക്കത്തിലൊടൂങ്ങും ഇടനാഴീകള്‍

എവിടെയും ശകാരങ്ങള്‍ തളര്‍ന്ന ബന്ധുക്കള്‍

മനം മടുത്തു പോം ഈ തിരക്കിനിടക്കെന്നോ

പരസ്പരം നാം പങ്കു വച്ച നിമിഷങ്ങള്‍

കുറെ പിണക്കവും ഏറേ ഇണക്കവും

മറക്കാനാവാത്ത ഓര്‍മ്മ തന്‍ മധുരവും


മനസ്സിലെ ചെപ്പില്‍ ഒക്കെ ഒളിപ്പിച്ചു

ഒടുവില്‍ തനിയെ യാത്ര ആവുമ്പോള്‍

എത്ര സുഖകരം ഈ പഠന ജീവിതം

കഠിന ജീവിതം നമ്മെ വിളിക്കുന്നു മുന്നില്‍ഒരു ദുരന്തതിന്‍ കാഹളം കേട്ടു വരികയാണ് ഞാന്‍
അയല്ക്കാരന്റെ നിസ്കാര തഴമ്പ്
പൊട്ടിച്ചെടുത്ത നാഡികള്‍ കീറി
വിശ്വാസത്തിന്‍ മുദ്ര തേടുന്നു ചിലര്‍
മനുഷ്യത്വത്തിന്‍ നെറ്റിതന്‍ സ്നേഹ ചന്ദനം

പൊഴിഞ്ഞു ക്രൂര കുങ്കുമ കുറി പടരുന്നു
ത്രിശ്ശൂലങ്ങള്‍ സുഹൃത്തിന്‍ നെഞ്ഞു പിളര്‍ക്കുമ്പോള്‍
കബന്ദങ്ങള്‍ ഉന്മാദ നൃത്തം നടത്തുമ്പോള്‍
ദിനം തോറും ഞാന്‍ ഓരോ മൃതി കഴിഞ്ഞ്
ഉണര്‍ന്നെണീക്കുന്നു

കറുത്ത ചോരയും കഫവും തുപ്പുന്ന
വയസ്സനിന്നലെ ചുമ തൊണ്ടയില്‍ കുരുങ്ങി ചത്തെന്നോ
കവിളില്‍ സുന്ദര മറുകണിഞ്ഞ
കറുത്ത പെണ്‍കൊടി
വീര്‍ത്ത വയറുമായ് കിണറ്റിനുള്ളിലേക്കിറങ്ങി
മാനത്തിന്‍ വിഴുപ്പലക്കിയോ


കനത്ത ബൂട്ടിന്‍ കരകരപ്പില്‍

നേര് തിരഞ്ഞ ബാലന്റെ മാറിന്‍
ബയൊണേറ്റിന്‍അന്ത്യ ചുംബന

രവം മറഞ്ഞു പോയെന്നോ
വളര്‍ച്ച കേട്ടോരാ തെരുവ് കുട്ടിയെ
വിളര്‍ച്ച ബാധിച്ച അവന്റെ അമ്മതന്‍

മുന്നില്‍ ചെന്നായകള്‍ കടിച്ചു കീറുന്നു
അപസ്മാരത്തില്‍ ആണേവരും
തിളച്ച രോഷത്തെ ഉറുക്കിലാക്കിയും
തിണുത്തനോവുകള്‍ ഉറ ഞ്ഞു കൂടിയും
നെറുകേടുകള്‍ അരക്കെട്ടില്‍ എങ്ങോ ഒളിപ്പിച്ചും

അവള്‍ മന്ദഹസിച്ചു നില്ക്കുന്നു
ഇടവ പ്പാതി പെയ്തോഴിയുവാന്‍
പിന്നെ വിതക്കയാണവള്‍ വിഷത്തിന്‍ വിത്തുകള്‍


നിഴലും വെളിച്ചവും ഇടകലര്‍ന്നകലങ്ങളില്‍ ഒത്തു ചേരുന്നതും

കിനാക്കളും ഉണ്മയും കൈ പിടിച്ചൂഞ്ഞാലില്‍ ആലോലമാടുന്നതും

പകലിന്റെ കിന്നരി വെട്ടം കിഴക്ക് കണ്‍പോള കീറുന്നതും

നഗരത്തിലേക്കുള്ള വാഹനം കാത്ത പാതയോരത്തെ നനുത്ത പുലര്‍ച്ചയില്‍

ഒരു നോക്കും നെടുവീര്‍പ്പിന്‍ വാക്കും നിനക്കു ഞാന്‍ നേദിച്ചതും

പാഞ്ഞു പോയ ഒരു വിദേശ കാറിന്‍ കാറ്റടച്ചവയൊക്കെ നിപദിച്ചതും

ഒരു വിങ്ങലായ് രാവിലുള്ളില്‍ നിറയുമ്പോഴും നിനക്കായി

മിഴിപ്പുക്കള്‍ അര്‍പ്പിപ്പു വാടാത്ത

മൊഴി പ്പുക്കള്‍ അര്‍പ്പിപ്പു പിഴയാത്ത

നീയെന്‍ കുളിരും കിനാക്കളും പകലും കിളികളും
എല്ലാം കവര്‍ന്നു കടന്നു പോയോ.......

മഹാപ്രസ്ഥാനം

മഹാപ്രസ്ഥാനം
കാത്തു നില്കുന്നില്ലിവാടാരും ആരേയും
കൂടുകാരീ നീയും യാത്രയാകൂ
മോഹം തിളങ്ങുന്ന കണ്ണുമായേവരും
മഹാപ്രസ്ഥാന യാത്ര തുടരവേ
പിന്നിലിടം വലം നോക്കാതെ
മുന്നില്‍ നടന്നോന്റെ പാത തുടരവേ
സ്വാര്‍ത്ഥത്തിന്‍ യാത്ര വിളക്കും കൊളിത്തീ
ഇറങ്ങൂ ഒഴിക്കിന്റെ തേരിലേറി

ഓര്‍ക്കരുതൊന്നും നിയമം പിന്നില്‍
നോക്കരുതെന്നനുശാസിച്ചതോര്‍ക്കുക
കാലത്തുരുതിന്റെ കാണാക്കരകളില്‍
ആശ നിരാശ തന്‍ കയങ്ങളില്‍
ഒന്നിച്ചോരിക്കല്‍ വികാരങ്ങള്‍ പങ്കിട്ടു
വന്ന നാമിന്നു വേറിട്ടു പോകവേ
കാത്തു നില്ക്കുന്നതെന്തിനായ് സ്നേഹിതെ
ഒന്നുമോര്‍ ക്കാതെ നീയും യാത്രയാകൂ


രോഗം പകര്‍ന്ന വിളറിയ കണ്ണുകള്‍
ദു:ഖം പടര്‍ന്ന ഇടത്താവളങ്ങളില്‍
അര്‍ബുദം കാര്‍ന്ന ഗര്‍ഭ പാത്രങ്ങളില്‍
പട്ടിണി വേശ്യലയം നടത്തുന്നതും
വിശ്വാസം കാണിക്ക വഞ്ചി നിറപ്പതും

വഞ്ചന സിംഹാസന മേറുന്നതും
പിഴ പറ്റി ഉഴറുന്ന ഭ്രൂണ ദു :ഖങ്ങളും
ഒന്നുമറിയാതെ പോകൂ നീ സ്നേഹിതെ
യാത്ര യില്‍ ഇടം വലം നോക്കരുതെന്ന
നിയമം മാത്ര മറിയുക
കാത്തു നില്‍ക്കുന്നില്ലിവിടാരും ആരെയും
കൂട്ടുകാരീ നീയും യാത്രയാകൂ
നഷ്ട മോഹങ്ങളും ആയി ഞാനീ കൊച്ചു
ചില്ലയില്‍ സ്വപ്നത്തിന്‍ കൂട് കൂട്ടാം


1991