തിരശ്ശീല ഇല്ലാത്ത ജാലകം

ജീവിത ചൂടടങ്ങുന്ന അന്തിയില്‍ മുറിയിലെ തിരശ്ശീല ഇല്ലാത്ത ജാലകത്തിനും അപ്പുറം നിരനിര യായ മന്ദിരങ്ങള്‍ക്ക് പിന്നിലായി ചെമ്പിച്ച ആകാശത്തീല്‍പതിവു പോലെ കതിരോന്‍ അസ്തമിക്കുകയായി . വേദനയും ചുമന്നെത്തുന്ന രോഗികളും പറവകളും കിട്ടിയ ആശ്വാസവും ആയി കൂടണയാനുള്ള തിരക്കിലാണ് . അത്യാഹിത വിഭാഗത്തില്‍ നീട്ടി മണി മുഴക്കി ഒരു വാഹനമെത്തുന്നു. അതില്‍ ആഘോഷം കഴിഞ്ഞെത്തിയ യുവാവിന്റെ ചേതനയറ്റ ശരീരമാണോ അതോ ജീവിതം മടുത്ത വാര്‍ദ്ധക്യത്തിന്റെ ഞരങ്ങുന്ന അസ്ഥീയും തോലുമാണോ ?
മുറിയുടെ കോണില്‍ കൂട്ടി ഇട്ട വസ്ത്രങ്ങളില്‍ ഒരെണ്ണം കൂടി ആയി . നിര്‍ജീവ മഹത് സത്യങ്ങള്‍ കുത്തി നിറച്ച പുസ്തകങ്ങള്‍ ചിതറി കിടക്കുന്ന മേശക്കരികില്‍് അയ്യാള്‍
ശ്വാസ കോശങ്ങള്‍ക്കുള്ളില്‍ അര്‍ബുദക്കറയും ലഹരിയും പകര്‍ന്ന്‌ പുറത്തു കടന്ന പുകച്ചുരുളുകള്‍ വായുവില്‍ നേര്‍ത്ത് അലിയുന്നതും ശ്രദ്ധിച്ചു ഇരിക്കുമ്പോള്‍‍ എതിരെ ഉള്ള ജാലകത്തില്‍ മിന്നിയ അഴകുള്ള മിഴികളില്‍ എന്തായിരുന്നു ?ആ കണ്ണുകളുടെ ജാലകത്തിനുള്ളില്‍ കടന്ന് കോടാനുകോടി നാഡീ കോശങ്ങളില്‍ ഉയിര്‍ക്കുന്ന ബോധത്തിനും അപ്പുറത്തുള്ള വര്‍ണ്ണ വികാര തരളിത മായ മുറിയിലേക്ക് കടക്കാന്‍ ഒരിക്കലും തുനിഞ്ഞില്ലെന്കിലും ഒരു നിമിഷത്തെക്കുള്ള ആ സൌമ്യ ദര്‍ശനം അജ്ഞാത മായ സുഗന്ധവുമായെത്തുന്ന കുളിര്‍ കാറ്റു , ജന്മാന്ധരങ്ങള്‍ കടഞ്ഞെടുത്ത് ജീനുകളില്‍ നിറച്ചു വച്ച പൌരാണിക സ്മൃതികളെ തലോടി ഉണര്‍ത്തി .

ശീതീകരിച്ച സ്വര്‍ണ്ണ ദ്രാവകത്തിന്റെ ലഹരി തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങി ഞരമ്പുകളിലേക്ക് പടര്‍ന്നു കയറുന്നു .അടുത്ത മുറിയിലെ വിഡ്ഢി പെട്ടിയെലെ ജാലകത്തില്‍ ആരോ ദൃശ്യ രംഗങ്ങള്‍ പരതുന്നു . അകലെ എങ്ങോ ഉള്ള കാല്‍ പന്ത് കളിയുടെ ആരവങ്ങളും അശ്ലീല ചുവയുള്ള ചലച്ചിത്ര ഗാന ശകലങ്ങളും കരച്ചിലില്‍ മുങ്ങിയ തുടര്‍ പരമ്പരയും അതില്‍ മിന്നി മായുന്നു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പടിപ്പടിയായ്‌ എത്തുന്ന വാര്‍ത്താപരിപാടി . ലോക സമാധാനം നേടാന്‍ ഒരു രാഷ്ട്രത്തിനെ തകര്‍ത്തെറിഞ്ഞതില്‍ പ്രതിഷേധിച്ച ജനങ്ങളുടെ മരണ കണക്കുകള്‍ . മാറി മറിഞ്ഞു വരുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ട് കെട്ടുകളുടെ അറക്കുന്ന ചവിട്ടു നാടക രംഗങ്ങള്‍ . അഭിമാനം വില്കാന്‍ മടിച്ചു ആത്മഹത്യ ചെയ്ത ദരിദ്ര കര്‍ഷകന്റെ കുടുംബത്തിന്റെ ദൈന്യദ്രിശ്യങ്ങള്‍ .
ശേഷിക്കുന്ന വിഷവും കുപ്പിയില്‍ നിന്നൂറ്റി പുറത്തേക്ക് നടക്കുമ്പോള്‍ കമ്പ്യുട്ടെര്‍ ജാലകത്തില്‍ അന്തര്‍ വലയിലൂടെ ഊളിയിടുന്ന ആളുകളുടെ തിരക്ക് . കാലദേശങ്ങളെ ചുറ്റി പ്പടര്‍ന്നു കിടക്കുന്ന സൈബര്‍ ലോകത്തിലേക്കുള്ള ജാലകം വിഞാനത്തിന്റെ മഹാ ഭാണ്ടാരത്തിലെക്കാണോ നഗ്നയായ വിദേശ സുന്ദരിയുടെ ലൈംഗിക ചേഷ്ടകളിലേക്കണോ തുറന്നിരിക്കുന്നത്?
രാത്രി ഭക്ഷണം കഴിച്ചെത്തി കിടക്കയില്‍ വീഴുമ്പോള്‍ ജാലകത്തില്‍ കൂടി പറന്നെത്തുന്ന മിന്നാമിനുങ്ങുകള്‍. ...നക്ഷത്രലോകത്തു നിന്നു എത്തിയവ ! തിരശശീലയില്ലാത്ത ജാലകതിലൂടെത്തുന്ന ചിര പരിചിതമായ മിഴികള്‍ ! നിശ്വാസത്തിന്റെ കുളിര്‍ കാറ്റില്‍ രോമ കൂപങ്ങളുടെ നര്‍ത്തനം . സ്പര്‍ശനത്തി ന്റെ വൈദ്യുത ആവേഗം സര്‍വ നാഡിയിലുംഇരമ്പുന്നു . ഓരോ അണുവിലും നക്ഷത്ര സ്പന്ദനം . ജീവിത യാദാര്‍ദ്ധ്യത്തിലെക്കു വിളിച്ചുണര്‍ത്താന്‍ അതാ ഘടികാരത്തിന്റെ മണി മുഴങ്ങുന്നു .....!