വൈദ്യ ശാസ്ത്ര പഠനം

 ആധുനിക വൈദ്യശാസ്ത്ര പഠനം മാതൃഭാഷയിലാകണമോ എന്ന ചർച്ച നടക്കുന്ന കാലമാണല്ലോ ഇപ്പോൾ ? 


"മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–

മിണ്ടിത്തുടങ്ങാൻശ്രമിക്കുന്ന

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!

മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ "

എന്ന് വള്ളത്തോൾ എഴ നമ്മുടെ എല്ലാം ഹൃദയത്തിലിന്നുമുണ്ട്. മാതൃഭാഷയിലുള്ള പഠനവും ചിന്തകളും ആശയം ഉൾകൊള്ളാൻ എളുപ്പമാക്കുമെന്നും അവ ഓർമ്മകളിൽ സൂക്ഷിക്കാനും സഹായിക്കുമെന്നുള്ളതും അവിതർക്കിതമാണ്. 

വസുധൈവ കുടുംബകം   ( ലോകമേ തറവാടു ) എന്ന മഹാ ഉപനിഷത്തിലെ സൂക്തം പ്രായോഗിക ജീവിതത്തിൽ പുലരുന്ന ഈ കാലഘട്ടത്തിൽ വിശ്വ പൗരന്മാരായി വ്യക്തിത്വം വികസിക്കുന്നതിന് പകരം വെറും കൂപമണ്ഡൂകങ്ങളായി ഭാവി തലമുറ അധപതിക്കണമോ എന്നുള്ളതും പ്രസക്തമായ ഒരു ചോദ്യമാണ്?


ഈ തർക്കം ഇങ്ങനെ നില നില്ക്കവേ തന്നെ ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖല  മാതൃഭാഷയിലേക്ക് മാറ്റാനായി നാം തയ്യാറായോ എന്നതു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങളുടെ കേവലമൊഴിമാറ്റം കൊണ്ടു മാത്രം സാധ്യമാകുന്നതാണോ വളരെ സങ്കീർണ്ണമായ ഈ പഠന പ്രക്രിയ ?


ഇത്തരുണത്തിൽ എനിക്കുണ്ടായ രസകരമായ ഒരു ചെറു സംഭവം ഓർമ്മ വരുന്നു. നാട്ടിൻ പുറത്തുള്ള ഒരു സാധാരണ മലയാള മാധ്യമ വിദ്യാലയത്തിൽ നിന്നും പത്താം തരവും ജയിച്ചു അഭിമാനത്തോടു കൂടി 1983-ൽ തിരുവനന്തപുരം നഗരത്തിലെ  പ്രശസ്തമായ കലാശാലയായ ഗവൺമെൻ്റ് ആർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ ചേർന്ന കാലം. അന്ന് കേരളാ യൂണിവേഴ്സിറ്റി നമുക്ക് പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനുള്ള അവസരമൊരിക്കിയിരുന്നു. ശാസ്ത്ര ഭാഷകളെല്ലാം ആംഗലേയത്തിൽ ആദ്യമായി പഠിക്കുന്ന ബുദ്ധിമുട്ട് കൊണ്ട് മലയാളത്തിൽ പരീക്ഷ എഴുതുന്നതാണ് എളുപ്പമെന്ന് ഞാനും കരുതി. കേരളകലാശാലയുടെ പാളയത്തുള്ള ഒരു വിജ്ഞാനഖനി തന്നെയായ വിപുലമായ പുസതകശാലയിൽ കേരളാ ഭാഷാ  ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മനോഹരമായ മലയാള ശാസ്ത്ര ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നു.  ആർട്സ് കോളേജിലെ പഠിത്തം കഴിഞ്ഞ് ഞാൻ ഒറ്റക്ക് മിക്ക ദിവസങ്ങളിലും പാളയത്തുള്ള  യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് നടക്കും. സാമ്പത്തിക ഞെരുക്കത്തിനാൽ വാഹനക്കൂലി ലാഭിക്കുന്നതിനായാണ് ഈ നടക്കുന്നതെങ്കിലും ഓരോ പ്രാവശ്യവും വ്യത്യസ്ഥ വഴികളിലൂടെ നടക്കുന്നതു കൊണ്ട് തിരുവനന്തപുരത്തെ മിക്ക വഴികളും ശാസ്ത്രത്തിൻ്റെ വഴികൾക്കൊപ്പം പെട്ടെന്ന് ഹൃദിസ്തമാക്കാൻ എനിക്ക് അങ്ങനെ കഴിഞ്ഞു.  കുറച്ചു നാളുകൾക്കുള്ളിൽ കോളേജിലെ ആദ്യ പരീക്ഷ വന്നു. ചോദ്യങ്ങളെല്ലാം ആംഗലേയത്തിലായിരുന്നു. ഉത്തരങ്ങളെല്ലാം ഞാൻ തരക്കേടില്ലാതെ  മലയാളത്തിലെഴുതി.  ബിരുദാനന്തര ബിരുദത്തിൽ ആദ്യ റാങ്കു വാങ്ങിയ വളരെ മിടുക്കനും മാന്യനുമായിരുന്ന നമ്മുടെ ഊർജ്ജതന്ത്രം അധ്യാപകൻ ആണ് ആദ്യമായി  പഠനമുറിയിയിൽ പരീക്ഷാ ഫലം  പ്രഖ്യാപിച്ചത്. പത്താം തരത്തിലെ പരീക്ഷയിൽ ആദ്യ റാങ്കുകാരായിരുന്ന ഹരി പി എൻ മുതൽ പ്രഗൽഭരായ ഏറെപ്പേർ എൻ്റെ കൂടെ അതേ ക്ലാസ്സിൽ പഠിക്കുന്നുണ്ട്. അവരിൽ മിക്കപേർക്കും മുഴുവൻ മാർക്കും പരീക്ഷാ ഫലത്തിൽ കിട്ടിയിട്ടുണ്ട്. ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.   പരീക്ഷക്ക് തോറ്റു പോയ ചുരുക്കം ചില കുട്ടികളുടെ ഫലമായിരുന്നു പിന്നെ വിളിക്കുന്നത്. എൻ്റെ പേര് മാത്രം വിളിക്കുന്നില്ല. പരീക്ഷയ്ക്ക് തോറ്റു കാണുമെന്ന് കരുതി എൻ്റെ ഹൃദയമതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. വീട്ടിൽ പാവം അച്ഛനോടും അമ്മയോടും എന്തു പറയും? ജീവിതത്തിൽ ഇതുവരെ പരീക്ഷകളൊന്നും തോറ്റിട്ടുമില്ല. ഒടുവിൽ അവസാന ഉത്തരക്കടലാസ്സുമായി.  അധ്യാപകൻ ചോദിച്ചു 

" അരാണീ ജയകുമാരൻ ?" 

ഞാൻ എഴുന്നേറ്റു . 

അദ്ദേഹം ദയനീയമായി എന്നെ നോക്കി. എന്നിട്ടു പറഞ്ഞു.

"ജയകുമാരാ , 

ഐ ആം സോറി.

നിങ്ങൾ എഴുതിയത് ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല.

ആദ്യ ചോദ്യമായ വാട്ട് ഇസ് ഡെൻസിറ്റി എന്നതിന് നിങ്ങൾ എഴുതിയിരിക്കുന്നത് യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിൻ്റെ പിണ്ഡമാണ് സാന്ദ്രത എന്നാണ്.

യൂണിറ്റും പദാർത്ഥവുമൊക്കെ എനിക്ക് മനസ്സിലായി.

പക്ഷേ എന്താണ് ജയകുമാരാ ഈ പിണ്ഡം?

പിണ്ഡം വക്കുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.

സോറി

എനിക്ക് മനസ്സിലാകാത്തതു കൊണ്ട് ഞാനിതു വാല്യൂ ചെയ്തിട്ടില്ല"


വിയർത്ത് നാറി ഞാനവിടെയിരുന്നു. പിണ്ഡം വന്നു എന്നു പറഞ്ഞാൽ മതിയല്ലോ!


പിന്നീട് ആലോചിച്ചപ്പോൾ ആ അധ്യാപകൻ അന്ന് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞത് കൊണ്ട് എൻ്റെ ജീവിതം രക്ഷപ്പെട്ടു.  ശാസ്ത്ര വിഷയം  മലയാളത്തിൽ അറിയാത്ത അദ്ദേഹം എന്തെങ്കിലും  ചെയ്ത് അന്ന് തന്നിരുന്നെങ്കിലോ? 

ഞാൻ പിന്നെയുള്ള നാളുകൾ രാവ് പകലാക്കി ശാസ്ത്രം മുഴുവൻ ഇംഗ്ലീഷിൽ പഠിച്ച് പ്രവേശന പരീക്ഷക്ക് നല്ല റാങ്കും വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു ന്യൂറോ സർജനുമായി. കാലങ്ങൾ കഴിഞ്ഞു.

ഇന്നും നമ്മളിലെത്ര പേർക്ക് ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം മലയാളത്തിൽ പഠിപ്പിക്കാനാകും?

നമ്മുടെ എത്ര കുട്ടികളാണ് അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ പോലും മലയാളത്തിൽ പഠിച്ചിട്ട് വൈദ്യശാസ്ത്ര പഠനത്തിനെത്തുന്നത്?

No comments: