ഒരു പേരിലെന്തിരിക്കുന്നു?
പേരറിയാത്തൊരു പെങ്കിടാവേ
നിൻ്റെ നേരറിയുന്നു ഞാൻ പാടുന്നു എന്നാണ് ഓയെൻവിയുടെ ഗോതമ്പുമണികൾ തുടങ്ങുന്നത്.
നേരറിയുകയാണ് പേരറിയുന്നതിലും പ്രധാനമെന്നല്ലേ കവി സൂചന
"ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം"
എന്ന് വള്ളത്തോൾ ആഹ്വാനം ചെയ്യുമ്പോൾ
"വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍ "
എന്നാണ് ഭാരതീയത്തിൽ മധുസൂദനൻ നായർ വിലപിക്കുന്നത് . അദ്ദേഹം അവിടെയും നിർത്തുന്നില്ല,
"വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു
കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും
കൊടുകൃപാണം രാഗമുന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും " ആണ് ഭാരതത്തിലദ്ദേഹം കാണുന്നത്.
പേരിലുള്ള അഭിമാനമാണോ നേരിലുള്ള സത്യമാണോ ശരിക്കുള്ളത്?
സിന്ധുനദിക്കിപ്പുറത്തു വസിച്ചിരുന്നവരെ പേർഷ്യൻ ഭാഷക്കാരണ് ഹിന്ദുക്കൾ എന്ന് വിളിച്ചു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്നേ സിന്ധൂനദീതടത്തിൽ ജീവിച്ചിരുന്ന ദ്രാവിഡരും ഒരു പക്ഷേ അവരെ ഹിന്ദുക്കൾ എന്നു വിളിച്ചിരിക്കാം എന്ന് സവർക്കർ സമർത്ഥിക്കുന്നുണ്ട്. എന്തായാലും ചരിത്രത്തിൻ്റെ തേരോട്ടങ്ങളിൽ സാമ്രാജ്യങ്ങളുടെ അതിരുകൾ ചോരയിൽ ചാലിച്ച് പലവട്ടം മാറ്റി വരയ്ക്കപ്പെട്ടു. ദ്രാവിഡർ വിന്ധ്യാചലത്തിന് തെക്കോട്ട് പലായനം ചെയ്തു.വിന്ധ്യനും ഹിമാലയത്തിനുമിടക്കുള്ള പ്രദേശം ആര്യാവർത്തമായി. സിന്ധു നദീതട പ്രദേശത്തു നിന്ന് സംസ്ക്കാര കേന്ദ്രങ്ങൾ ഗംഗയുടെയും മറ്റു നദീതീരങ്ങളിലേക്കും വ്യാപിച്ചു.
ആരാണ് ഭരതൻ?
ഭാരതത്തിന് ആ പേര് കിട്ടിയ ഭരതന് രാമായണവുമായി ഏതൊരു ബന്ധവുമില്ല. ആ ഭരതൻ ത്രേതായുഗത്തിലെ രാമരാജ്യത്തിലെ രാമസഹോദരനായാണല്ലോ പുരാണം പറയുന്നത്. ഭാരത നാമകരണ ഹേതു ഭൂതൻ, ചക്രവർത്തി ഭരതൻ, ശന്തനു മഹാരാജാവിൻ്റെയും ശകുന്തളയുടെയും മകനാണ് . വേർപിരിഞ്ഞ ശകുന്തളയെ തേടിയെത്തിയ ശന്തനു കാണുന്നത് സിംഹത്തിൻ്റെ വായ് പൊളിച്ച് പല്ലെണ്ണുന്ന ഒരു കുട്ടിയെയാണ്. അത് സ്വന്തം മകനാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്ക് കൂട്ടുകൊണ്ടു പോയി തൻ്റെ പിൻഗാമിയാക്കുകയായിരുന്നുവെന്നാണ് കഥ. അതി ശക്തനായ ഒരു ആക്രമണകാരിയായിരുന്ന അദ്ദേഹം മറ്റു രാജ്യങ്ങളെയൊക്കെ കീഴടക്കി തൻ്റെ അധികാരം വടക്കു ഹിമാലയം മുതൽ തെക്ക് കടലു വരെ പരത്തി എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. മറ്റു പ്രദേശങ്ങളെ ചോര വീഴ്ത്തിയും സംസ്കാരങ്ങളെ ചോര കലർത്തിയും കീഴടക്കുകയാണല്ലോ ചരിത്രവിശേഷം.
ഭരത ചക്രവർത്തിക്ക് മൂന്നു ഭാര്യമാരിലുണ്ടായ ഒമ്പത് കുട്ടികൾക്കൊന്നും കാര്യപ്രാപ്തിയില്ലാത്തത് കൊണ്ട് ഭരദ്വാജ മഹർഷിയുടെ മകൻ ഭുമാന്യുവിനെയാണ് അദ്ദഹം തനിക്ക് ശേഷം രാജാവാക്കിയത്.
ഭുമാന്യുവിൻ്റെ ജനനത്തിനെക്കുറിച്ച് സ്കന്ദപുരണം പറയുന്ന രസകരമായ മറ്റൊരു ഒരു കഥയുണ്ട് . അംഗിരസിൻ്റ മകൻ ഉതഥ്യൻ്റ ഭാര്യയായിരുന്ന മമതയെ ഗർഭിണിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരൻ ബൃഹസ്പതി പ്രാപിക്കാൻ ശ്രമിച്ചപ്പോൾ ഗർഭസ്ഥ ശിശു രേതസ്സിനെ ചവിട്ടിപ്പുറത്തു കളഞ്ഞു. ജനനശേഷം കുഞ്ഞിൻ്റെ പിതാവാരെന്നുള്ള തർക്കത്തിൽ അവൻ അനാഥനാകുകയും, അവനെ എടുത്തു വളർത്തിയ ഭരദ്വാജ മഹർഷി , പിന്നീട് കഴിവുള്ള ഒരു കുഞ്ഞിനെ തിരഞ്ഞു നടന്ന ചക്രവർത്തി ഭരതനെ അവനെ ഏൽപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചന്ദ്രവംശത്തിൻ്റെ പിൽക്കാല തലമുറ ഭരതൻ്റെ ദത്തു പുത്രനിൽ നിന്നുമാണ് ഉണ്ടായത് എന്നത് മറ്റൊരു ചരിത്രം. അക്രമങ്ങളും ബലാൽകാരങ്ങളും ഒടുങ്ങുന്നില്ല. അതിൽ തന്നെ പാണ്ഡവ കൗരവസഹോദരങ്ങൾ തമ്മിലുള്ള കുരുക്ഷേത്ര
യുദ്ധത്തിനു ശേഷവും ചോര ചൊരിയുന്നത് തീരുന്നില്ല. ഗുപ്തനും മൗരനും ഹർഷനും അശോകനും ചോളനും പാണ്ഡ്യനുമൊക്കെ സ്വന്തം സഹോദരരായ ഭാരതീയരെ കൊന്നൊടുക്കിയതിനപ്പുറമൊന്നും ഗസ്നിയും ഗോറിയും യൂറോപ്യന്മാരുമൊന്നും കൊന്നൊടുക്കിയിട്ടില്ല.
എന്നാൽ ഈ കഥകളിലൊന്നും തന്നെ ശൂദ്രന്മാരുടെയും ദ്രാവിഡരുടെയുമൊന്നും വീര ചരിതങ്ങൾ കടന്നു വരാറില്ല. വേദമന്ത്രം കേട്ട ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന സ്മൃതി നിയമം പ്രാബല്യമാക്കാനുള്ള നിഷ്ഠകൾക്കിടക്ക് ശൂദ്രനെന്ത് വീര ചരിതം? അടിമകളായി ജീവിക്കാൻ പോലുമുള്ള സാധ്യത അവൻ്റെ രോഷപൂർവ്വമായ ഒരു നോട്ടത്തിലോ എതിർപ്പിൻ്റെ ഒരു സ്വരത്തിലോ മരണ വിധിക്കു കാരണമായ യുഗങ്ങളിലൂടെ സ്വന്തം ദുർവിധി ജീവിച്ചു തീർത്തവർ. പൊതു വിടങ്ങളിൽ നടക്കാനാവാതെ പൊതുകിണറിലെ വെള്ളം കുടിക്കാനാവാതെ മലമൂത്ര വിസർജ്യങ്ങൾക്കൊപ്പം മാത്രം ഇടമുള്ള വെറും ജീവജാലം. അവൻ്റെ അധമ കുലത്തൊഴിലിൽ നിന്നു മോചനം ഒരിക്കലും കിട്ടാതിരിക്കാൻ ഉണ്ടാക്കിയ ജാതി വ്യവസ്ഥയെ ന്യായീകരിക്കാനുണ്ടാക്കിയ സ്മൃതികൾ.
സ്മൃതികളും ശ്രുതികളും പുരാണങ്ങളും അടിച്ചേൽപ്പിച്ച് സനാതന മതമുണ്ടാക്കി ദൈവത്തിൻ്റെ സ്വന്തം പ്രതിനിധിയായി അധികാരത്തിൻ്റെ ഉന്മത്തതയിൽ വിലസിയ ബ്രാഹ്മണ വർഗ്ഗം , ഈ നാടിനെ ഭാരതമെന്നല്ലാതെ പിന്നെ ദളിതം എന്ന പേരിടുമോ?
ഒരു പേരിലെന്തിരിക്കുന്നു?
ചിലർക്ക് പേരിലാണ് എല്ലാമിരിക്കുന്നത്
ജാതിയുടെ പേരിൽ , ആഢ്യതയുടെ ദുരഭിമാനത്തിൻ്റെ പേരിൽ, പുറംപൂച്ചിൻ്റെ പേരിൽ, ഢംബിൻ്റെ പേരിൽ. അവരെ പാവപ്പെട്ടൻ്റെ വിശപ്പും വേദനയും ദുരിതവും രോഗവും മരണവുമൊന്നും ബാധിക്കുന്നില്ല. അവൻ ചില്ലിക്കാശിന് ബാങ്കുകൾക്ക് മുന്നിൽ കാത്ത് നിന്നും കിലോമീറ്ററുകൾ നടന്നും കുഴഞ്ഞു വീണു മരിക്കുന്നത് അവർ കാണാറില്ല. മഹാമാരികൾ ചെയ്ത ദുരിതത്തിൽ ഒലിച്ചുപോയ ജഡങ്ങളുടെ കണക്കു അവർ നോക്കാറില്ല. കാലി മാംസത്തിൻ്റെ പേരിലെ കലിപ്പിൽ തല്ലിതകർക്കപ്പെട്ടവർ അവർക്ക് വെറും മാംസപിണ്ഡങ്ങളായിരുന്നു. ഗുജറാത്തിലായാലും മണിപ്പൂരിലായാലും ദില്ലിയിലായാലും ജാതിമതകലഹങ്ങളിൽ മരിക്കുന്നവരും കുടിലുകൾ നഷ്ടപ്പെടുന്നവരും എപ്പോഴും പാവപ്പെട്ടവരായിരിക്കും. അവരുടെ മരണം ഭാരതത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിപ്പിച്ച് ലോക രാഷ്ട്രങ്ങൾക്കിടക്ക് അതിനെ സമ്പന്ന രാജ്യമാക്കാനുള്ള പ്രക്രീയക്ക് ആക്കം കൂട്ടും എന്ന് ആശിക്കാം.
നമുക്ക് പേര് നേടാൻ പ്രതിമകളുണ്ടാക്കാം, മണിമന്ദിരങ്ങളുണ്ടാക്കാം, രാജപാതകളുണ്ടാക്കാം,
നേരിനെ മതിലു കെട്ടി മറയ്ക്കാം.