1993-ൽ ഞാൻ തഞ്ചാവൂർ വായുസേനാ സ്റ്റേഷനിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്ന സമയം. ഞാൻ പട്ടാളത്തിൽ ചേർന്ന് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. PT യും പരേഡുമൊന്നും പഠിച്ചിട്ടില്ല. കഷ്ടിച്ച് അറ്റൻഷനും സലൂട്ടുമൊക്കെ സീനിയറായ ഒരാപ്പീസർ ജോലിക്ക് ചേർന്നയന്നു തന്നെ പഠിപ്പിച്ച് തന്നത് വച്ച് ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് പോകുന്നു .
അന്ന് തഞ്ചാവൂർ സ്റ്റേഷൻപ്രവർത്തിക്കുന്നത് വിമാനത്താവളത്തിൻ്റെ ഒരു മൂലക്കുള്ള പല ടെൻ്റുകളിലായിട്ടാണ്. പട്ടാള ആശുപത്രിക്ക് രണ്ട് ടെൻ്റ്, അകൗണ്ട്സ് വിഭാഗത്തിന് ഒരു ടെൻ്റ് അങ്ങനെയങ്ങനെ പോകുന്നു. റൺവേയുടെ അടുത്ത് മരങ്ങളും തണലുമൊന്നുമില്ല. എപ്രിൽ മെയ് മാസങ്ങളിൽ പൊരിയുന്ന ചൂടിൽ വിയർപ്പുപോലും ആവിയായി പോയി കരിഞ്ഞിരുന്നു വേണം ജോലി ചെയ്യാൻ. ഓഫീസർമാരായ ഞങ്ങൾക്ക് അത്യാവശ്യം മൂളുന്ന ഒരു കൂളർ തന്നിട്ടുണ്ട് .അതിൽ നിന്ന് വരുന്നതു തന്നെ തിളക്കുന്ന കാറ്റാണ്. സ്റ്റേഷൻ്റെ ഏതാണ്ട് മധ്യഭാഗത്തുള്ള ഏറ്റവും മുന്തിയ ടെൻ്റ് ആയിരുന്നു കമാണ്ടിംഗ് ഓഫീസറുടേത്. അദ്ദേഹം തൻ്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഇടയിൽ ഒരു വീരശൂരപരാക്രമി, വിംഗ് കമാണ്ടറായ ഒരു തമിഴ് സിംഹമായിരുന്നു. ക്യാമ്പിൻ്റെ സംരക്ഷണം മൊത്തമായി DSC ജവാന്മാർക്കായിരുന്നു. പട്ടാളത്തിൽ നിന്ന് വിരമിച്ച പാവം ജവാന്മാർക്ക് മറ്റ് യാതൊരു ജോലിയും കിട്ടാതാവുമ്പോഴാണ് വീണ്ടും DSc യിൽ ചേരാനുള്ള വിധിയുണ്ടാകുക.
ഒരിക്കൽ ഞാനും എൻ്റെ സുഹൃത്ത് സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള സെക്യൂരിറ്റി ഓഫീസറും കൂടി കമാണ്ടിംഗ് ഓഫിസറിൻ്റെ ടെൻ്റിൻ്റെ അല്പമകലെയായി സി ഒ യെ കാത്ത് നില്ക്കുകയാണ്. അദ്ദേഹം ടെൻ്റിൽ ഇല്ല.
അതു വഴി കടന്നു പോകുന്ന ജവാന്മാരെല്ലാം സി.ഒ യുടെ ടെൻ്റിനെ നോക്കി സല്യൂട്ട് ചെയ്തിട്ടാണ് പോകുന്നത്. ഇത് കണ്ടാശ്ചര്യപ്പെട്ട് ഞാൻ സെക്യൂരിറ്റി ഓഫീസറിനോട് തിരക്കി.
" എന്തിനാ സാർ ഇവരെല്ലാം ഒഴിഞ്ഞ ടെൻ്റിനെ സല്യൂട്ട് ചെയ്യുന്നത്?"
സെക്യൂരിറ്റി ആപ്പീസർ സാർ മഹത്തായ ഒരു വിജ്ഞാനമെടുത്ത് എനിക്ക് വിളമ്പി.
" ജയകുമാർ നമ്മൾ വ്യക്തികളെയല്ല ആ സ്ഥാനത്തെയാണ് മാനിക്കുന്നത്. അതു കൊണ്ടദ്ദേഹമവിടെയില്ലെങ്കിലും ആ കസേരയെ ബഹുമാനിക്കണം"
എത്ര ഉജ്വലമായ ആശയം. അദ്ദേഹം ഇരിക്കുന്ന ടെൻ്റിനെ പോലെ അദ്ദേഹത്തിൻ്റെ വാഹനത്തേയും കടന്നു പോകുന്ന റോഡിനെയും വയറിൻ്റെ അസ്വാസ്ഥ്യം കുറക്കുന്ന മൂത്രപ്പുരയെയുമൊക്കെ സല്യൂട്ട് ചെയ്യണമോയെന്ന് ഞാൻ ചോദിച്ചില്ല. അതിന് ഒരു കാരണമുണ്ട് .ഞാൻ പട്ടാളത്തിൽ ചേർന്നയന്ന് എന്നെ സെല്യൂട്ട് പഠിപ്പിച്ചു തന്ന വിദ്വാൻ സാർ മറ്റൊരു മഹത്തായ സർവ്വകാല സത്യം കൂടെ എന്നെ ഉണർത്തിയിരുന്നു. പട്ടാളത്തിൽ നിനക്ക് അസൗകര്യമുണ്ടാകാതെ ജോലി ചെയ്യണമെന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് ചോദ്യങ്ങൾ ചോദിക്കരുത് എന്നതാണ്. അതായത് സംഗതി സിമ്പിൾ "First obey , then also Obey " .
നമ്മുടെ നാട്ടിലെ അരോഗദൃഢഗാത്രരായ യുവാക്കളെ തിരഞ്ഞുപിടിച്ച് മാനസികമായും ശാരീരികമായും ഭേദ്യം ചെയ്ത് ഒരു വർഷം PT , Parade തുടങ്ങിയ അടിതടയും അല്പം നിയമമൊക്കെ പഠിപ്പിച്ച് പോലീസുകാരാക്കും. അവരുടെ മനസ്സിലെ യന്ത്രം പിന്നെ അധികാരമുള്ള മൈൽ കുറ്റിയായാലും സല്യൂട്ടടിക്കുക അല്ലാത്തവൻ്റെ കരണത്തടിക്കുക എന്ന തീരുമാനമെടുക്കുന്ന രീതിയിലേക്ക് മാറിപ്പോകുന്നതിനെ എങ്ങനെ കുറ്റം പറയുവാനാകും? സ്വന്തം അമ്മ
കൊറോണ ബാധിച്ച് വീട്ടിൽ കിടന്ന് കുറേശ്ശേ മരിച്ചു കൊണ്ടിരിക്കുമ്പോഴും റോഡിൻ്റെ ഓരത്ത് നിന്ന് പൊടിയും പുകയും മഴയുമേറ്റ് അർധ പ്പട്ടിണിക്കാരായ സ്വന്തം സഹോദരങ്ങളുടെ മുന്തിയിലെ പണം ഫൈനായി പിടിച്ച് പറിച്ച് സർക്കാർ ഏമാന്മാർക്ക് അടക്കേണ്ടുന്ന ഒരു പോലീസ്കാരന് അവൻ്റെ പ്രതിഷേധം DGP യുടെ ചെവിക്കല അടിച്ചു പൊട്ടിച്ചു തീർക്കുവാൻ പറ്റുമോ? അല്ലെങ്കിൽ തന്നെ കൊറോണ രോഗം ഒരു ക്രമസമാധാന പ്രശ്നവും ചികിത്സ നിശ്ചയിക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വം വൈറസ്സിൻ്റെ ബാലപാഠം പോലുമറിയാത്ത പാവം പോലീസ്സിൻ്റെ കൈകളിലുമാണ്. നിങ്ങൾ അടി തട പഠിപ്പിച്ചു വിട്ടിട്ട് അവൻ്റെ ഉള്ളിലെ സാഹിത്യവും സംസ്കാരവും നന്മയുമൊക്കെ അച്ചടക്കത്തിൻ്റെ ചൂടുകാറ്റിൽ വറട്ടിക്കളഞ്ഞിട്ട് ജനമൈത്രിയെന്നോ ജന സേവനമെന്നോ പേരു മാറ്റിയിട്ടെന്തു കാര്യം?
No comments:
Post a Comment