നല്ല ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ നാലു മുതൽ അഞ്ചു ഗ്രാം വരെ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇതിൽ രണ്ടര ഗ്രാം ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിനിലാണുള്ളത്. ബാക്കിയുള്ള ഇരുമ്പിൽ ഭൂരിഭാഗവും കരളിലെയും മജ്ജയിലെയും മറ്റു ചില ഭാഗങ്ങളിലെയും കോശങ്ങളിൽ ഫെറിറ്റിനെന്ന രൂപത്തിൽ സംഭരിച്ചിരിക്കുന്നു. ഏകദേശം നാനൂറ് മില്ലിഗ്രാം ഇരുമ്പ് പേശികളിലെ മയോഗ്ലോബിനുകളിലും കോശ ശ്വസനപ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമായ സൈറ്റോ ക്രോമുകളിലും രക്തത്തിലെ ട്രാൻസ്ഫെറിനിലും ഒക്കെയായിട്ട് അടങ്ങിയിരിക്കുന്നു. സ്വതന്ത്ര നിലയിൽ ഇരുമ്പ് തന്മാത്രകൾ നിലനിന്നാൽ കോശ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുമെന്നുള്ളതുകൊണ്ട് ആ നിലയിൽ ഇരുമ്പ് തന്മാത്രകൾ വളരെ നേരിയ അളവിൽ മാത്രമേ കാണുകയുള്ളൂ. ഇരുമ്പ് ആറ്റങ്ങളിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ മാത്രമേ അതിന് കാന്തിക പ്രഭാവമുണ്ടാകുകയുള്ളൂ. മനുഷ്യ ശരീരത്തിലുള്ള ഇരുമ്പ് സംയുക്തങ്ങൾക്ക് കാന്തിക പ്രഭാവം തീരെ കുറവാണ്.
അതു കൊണ്ട് തന്നെയാണ് മനുഷ്യന് ഭൂമിയിൽ നടക്കാൻ സാധിക്കുന്നത് അല്ലെങ്കിൽ എഴുന്നേറ്റ് നില്ക്കുമ്പോൾ എല്ലാ ഹീമോഗ്ലോബിനും കാലിലോട്ടടിഞ്ഞ് എല്ലാ പേരും ബോധമില്ലാണ്ട് ആയി പോയേനേ!
നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് ചെറുകുടലിലെ ഡിയോഡിനത്തിലെ കോശങ്ങളാണ്.ഈ കോശങ്ങൾക്കുള്ളിലേക്ക് ഇരുമ്പ് തന്മാത്രകൾ കടന്നു പോകുന്ന വാതിലിന്റെ പേരാണ് ഫെറോ പോർട്ടിൻ. ആ വാതിലിന്റെ കാവൽക്കാരനാണ് കരൾ ഉണ്ടാക്കുന്ന ഹെപ്സിഡിൻ എന്ന മാംസ്യ പദാർത്ഥം. ഈ ഹെപ്സിഡിനെ നിയന്ത്രിക്കുന്നത് കോശങ്ങളിലെ ആറാമത്തെ ക്രോമസോമിലെ hfe ജീനുണ്ടാകുന്ന ഒരു പദാർത്ഥമാണ്. രക്തത്തിലെ ഇരുമ്പിന്റെ അളവ് (ട്രാൻസ്ഫെറിൻ) കൂടുന്നതനുസരിച്ച് hfe പദാർത്ഥം ഹെഫ്സിഡിനെ നിയന്ത്രിച്ച് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നു. ചില ആളുകളിൽ hfe ജീനുകളിൽ വ്യതിയാനം (mutation) സംഭവിക്കുന്നതിന്റെ ഫലമായി ഈ നിയന്ത്രണം നഷ്ടമാവുകയും ആവശ്യത്തിലുമധികം ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലടിഞ്ഞ് പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നു .ഇതാണ് ഹീമോക്രൊമറ്റോസിസ്. അങ്ങനെ അമിതമായി ഇരുമ്പുള്ള ആൾക്കാരിൽ പോലും ഭൂമിയുടെ കാന്തിക പ്രഭാവം ഒന്നും കാണാറില്ല.