https://youtu.be/36Cpb3UBgl4?si=dnbv8X4nqKfG56MY
ഒരു പേരിലെന്തിരിക്കുന്നു?
പേരറിയാത്തൊരു പെങ്കിടാവേ
നിൻ്റെ നേരറിയുന്നു ഞാൻ പാടുന്നു എന്നാണ് ഓയെൻവിയുടെ ഗോതമ്പുമണികൾ തുടങ്ങുന്നത്.
നേരറിയുകയാണ് പേരറിയുന്നതിലും പ്രധാനമെന്നല്ലേ കവി സൂചന
"ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം"
എന്ന് വള്ളത്തോൾ ആഹ്വാനം ചെയ്യുമ്പോൾ
"വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍ "
എന്നാണ് ഭാരതീയത്തിൽ മധുസൂദനൻ നായർ വിലപിക്കുന്നത് . അദ്ദേഹം അവിടെയും നിർത്തുന്നില്ല,
"വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു
കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും
കൊടുകൃപാണം രാഗമുന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും " ആണ് ഭാരതത്തിലദ്ദേഹം കാണുന്നത്.
പേരിലുള്ള അഭിമാനമാണോ നേരിലുള്ള സത്യമാണോ ശരിക്കുള്ളത്?
സിന്ധുനദിക്കിപ്പുറത്തു വസിച്ചിരുന്നവരെ പേർഷ്യൻ ഭാഷക്കാരണ് ഹിന്ദുക്കൾ എന്ന് വിളിച്ചു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്നേ സിന്ധൂനദീതടത്തിൽ ജീവിച്ചിരുന്ന ദ്രാവിഡരും ഒരു പക്ഷേ അവരെ ഹിന്ദുക്കൾ എന്നു വിളിച്ചിരിക്കാം എന്ന് സവർക്കർ സമർത്ഥിക്കുന്നുണ്ട്. എന്തായാലും ചരിത്രത്തിൻ്റെ തേരോട്ടങ്ങളിൽ സാമ്രാജ്യങ്ങളുടെ അതിരുകൾ ചോരയിൽ ചാലിച്ച് പലവട്ടം മാറ്റി വരയ്ക്കപ്പെട്ടു. ദ്രാവിഡർ വിന്ധ്യാചലത്തിന് തെക്കോട്ട് പലായനം ചെയ്തു.വിന്ധ്യനും ഹിമാലയത്തിനുമിടക്കുള്ള പ്രദേശം ആര്യാവർത്തമായി. സിന്ധു നദീതട പ്രദേശത്തു നിന്ന് സംസ്ക്കാര കേന്ദ്രങ്ങൾ ഗംഗയുടെയും മറ്റു നദീതീരങ്ങളിലേക്കും വ്യാപിച്ചു.
ആരാണ് ഭരതൻ?
ഭാരതത്തിന് ആ പേര് കിട്ടിയ ഭരതന് രാമായണവുമായി ഏതൊരു ബന്ധവുമില്ല. ആ ഭരതൻ ത്രേതായുഗത്തിലെ രാമരാജ്യത്തിലെ രാമസഹോദരനായാണല്ലോ പുരാണം പറയുന്നത്. ഭാരത നാമകരണ ഹേതു ഭൂതൻ, ചക്രവർത്തി ഭരതൻ, ശന്തനു മഹാരാജാവിൻ്റെയും ശകുന്തളയുടെയും മകനാണ് . വേർപിരിഞ്ഞ ശകുന്തളയെ തേടിയെത്തിയ ശന്തനു കാണുന്നത് സിംഹത്തിൻ്റെ വായ് പൊളിച്ച് പല്ലെണ്ണുന്ന ഒരു കുട്ടിയെയാണ്. അത് സ്വന്തം മകനാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്ക് കൂട്ടുകൊണ്ടു പോയി തൻ്റെ പിൻഗാമിയാക്കുകയായിരുന്നുവെന്നാണ് കഥ. അതി ശക്തനായ ഒരു ആക്രമണകാരിയായിരുന്ന അദ്ദേഹം മറ്റു രാജ്യങ്ങളെയൊക്കെ കീഴടക്കി തൻ്റെ അധികാരം വടക്കു ഹിമാലയം മുതൽ തെക്ക് കടലു വരെ പരത്തി എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. മറ്റു പ്രദേശങ്ങളെ ചോര വീഴ്ത്തിയും സംസ്കാരങ്ങളെ ചോര കലർത്തിയും കീഴടക്കുകയാണല്ലോ ചരിത്രവിശേഷം.
ഭരത ചക്രവർത്തിക്ക് മൂന്നു ഭാര്യമാരിലുണ്ടായ ഒമ്പത് കുട്ടികൾക്കൊന്നും കാര്യപ്രാപ്തിയില്ലാത്തത് കൊണ്ട് ഭരദ്വാജ മഹർഷിയുടെ മകൻ ഭുമാന്യുവിനെയാണ് അദ്ദഹം തനിക്ക് ശേഷം രാജാവാക്കിയത്.
ഭുമാന്യുവിൻ്റെ ജനനത്തിനെക്കുറിച്ച് സ്കന്ദപുരണം പറയുന്ന രസകരമായ മറ്റൊരു ഒരു കഥയുണ്ട് . അംഗിരസിൻ്റ മകൻ ഉതഥ്യൻ്റ ഭാര്യയായിരുന്ന മമതയെ ഗർഭിണിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരൻ ബൃഹസ്പതി പ്രാപിക്കാൻ ശ്രമിച്ചപ്പോൾ ഗർഭസ്ഥ ശിശു രേതസ്സിനെ ചവിട്ടിപ്പുറത്തു കളഞ്ഞു. ജനനശേഷം കുഞ്ഞിൻ്റെ പിതാവാരെന്നുള്ള തർക്കത്തിൽ അവൻ അനാഥനാകുകയും, അവനെ എടുത്തു വളർത്തിയ ഭരദ്വാജ മഹർഷി , പിന്നീട് കഴിവുള്ള ഒരു കുഞ്ഞിനെ തിരഞ്ഞു നടന്ന ചക്രവർത്തി ഭരതനെ അവനെ ഏൽപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചന്ദ്രവംശത്തിൻ്റെ പിൽക്കാല തലമുറ ഭരതൻ്റെ ദത്തു പുത്രനിൽ നിന്നുമാണ് ഉണ്ടായത് എന്നത് മറ്റൊരു ചരിത്രം. അക്രമങ്ങളും ബലാൽകാരങ്ങളും ഒടുങ്ങുന്നില്ല. അതിൽ തന്നെ പാണ്ഡവ കൗരവസഹോദരങ്ങൾ തമ്മിലുള്ള കുരുക്ഷേത്ര
യുദ്ധത്തിനു ശേഷവും ചോര ചൊരിയുന്നത് തീരുന്നില്ല. ഗുപ്തനും മൗരനും ഹർഷനും അശോകനും ചോളനും പാണ്ഡ്യനുമൊക്കെ സ്വന്തം സഹോദരരായ ഭാരതീയരെ കൊന്നൊടുക്കിയതിനപ്പുറമൊന്നും ഗസ്നിയും ഗോറിയും യൂറോപ്യന്മാരുമൊന്നും കൊന്നൊടുക്കിയിട്ടില്ല.
എന്നാൽ ഈ കഥകളിലൊന്നും തന്നെ ശൂദ്രന്മാരുടെയും ദ്രാവിഡരുടെയുമൊന്നും വീര ചരിതങ്ങൾ കടന്നു വരാറില്ല. വേദമന്ത്രം കേട്ട ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന സ്മൃതി നിയമം പ്രാബല്യമാക്കാനുള്ള നിഷ്ഠകൾക്കിടക്ക് ശൂദ്രനെന്ത് വീര ചരിതം? അടിമകളായി ജീവിക്കാൻ പോലുമുള്ള സാധ്യത അവൻ്റെ രോഷപൂർവ്വമായ ഒരു നോട്ടത്തിലോ എതിർപ്പിൻ്റെ ഒരു സ്വരത്തിലോ മരണ വിധിക്കു കാരണമായ യുഗങ്ങളിലൂടെ സ്വന്തം ദുർവിധി ജീവിച്ചു തീർത്തവർ. പൊതു വിടങ്ങളിൽ നടക്കാനാവാതെ പൊതുകിണറിലെ വെള്ളം കുടിക്കാനാവാതെ മലമൂത്ര വിസർജ്യങ്ങൾക്കൊപ്പം മാത്രം ഇടമുള്ള വെറും ജീവജാലം. അവൻ്റെ അധമ കുലത്തൊഴിലിൽ നിന്നു മോചനം ഒരിക്കലും കിട്ടാതിരിക്കാൻ ഉണ്ടാക്കിയ ജാതി വ്യവസ്ഥയെ ന്യായീകരിക്കാനുണ്ടാക്കിയ സ്മൃതികൾ.
സ്മൃതികളും ശ്രുതികളും പുരാണങ്ങളും അടിച്ചേൽപ്പിച്ച് സനാതന മതമുണ്ടാക്കി ദൈവത്തിൻ്റെ സ്വന്തം പ്രതിനിധിയായി അധികാരത്തിൻ്റെ ഉന്മത്തതയിൽ വിലസിയ ബ്രാഹ്മണ വർഗ്ഗം , ഈ നാടിനെ ഭാരതമെന്നല്ലാതെ പിന്നെ ദളിതം എന്ന പേരിടുമോ?
ഒരു പേരിലെന്തിരിക്കുന്നു?
ചിലർക്ക് പേരിലാണ് എല്ലാമിരിക്കുന്നത്
ജാതിയുടെ പേരിൽ , ആഢ്യതയുടെ ദുരഭിമാനത്തിൻ്റെ പേരിൽ, പുറംപൂച്ചിൻ്റെ പേരിൽ, ഢംബിൻ്റെ പേരിൽ. അവരെ പാവപ്പെട്ടൻ്റെ വിശപ്പും വേദനയും ദുരിതവും രോഗവും മരണവുമൊന്നും ബാധിക്കുന്നില്ല. അവൻ ചില്ലിക്കാശിന് ബാങ്കുകൾക്ക് മുന്നിൽ കാത്ത് നിന്നും കിലോമീറ്ററുകൾ നടന്നും കുഴഞ്ഞു വീണു മരിക്കുന്നത് അവർ കാണാറില്ല. മഹാമാരികൾ ചെയ്ത ദുരിതത്തിൽ ഒലിച്ചുപോയ ജഡങ്ങളുടെ കണക്കു അവർ നോക്കാറില്ല. കാലി മാംസത്തിൻ്റെ പേരിലെ കലിപ്പിൽ തല്ലിതകർക്കപ്പെട്ടവർ അവർക്ക് വെറും മാംസപിണ്ഡങ്ങളായിരുന്നു. ഗുജറാത്തിലായാലും മണിപ്പൂരിലായാലും ദില്ലിയിലായാലും ജാതിമതകലഹങ്ങളിൽ മരിക്കുന്നവരും കുടിലുകൾ നഷ്ടപ്പെടുന്നവരും എപ്പോഴും പാവപ്പെട്ടവരായിരിക്കും. അവരുടെ മരണം ഭാരതത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിപ്പിച്ച് ലോക രാഷ്ട്രങ്ങൾക്കിടക്ക് അതിനെ സമ്പന്ന രാജ്യമാക്കാനുള്ള പ്രക്രീയക്ക് ആക്കം കൂട്ടും എന്ന് ആശിക്കാം.
നമുക്ക് പേര് നേടാൻ പ്രതിമകളുണ്ടാക്കാം, മണിമന്ദിരങ്ങളുണ്ടാക്കാം, രാജപാതകളുണ്ടാക്കാം,
നേരിനെ മതിലു കെട്ടി മറയ്ക്കാം.
ടെപ്പറ് രായനും പ്രേതങ്ങളും.
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഭാവനയല്ല )
നാലാം ക്ലാസ്സ് വരെ വീട്ടിനടുത്തുള്ള പഴയ സർക്കാർ വിദ്യാലയമായ എൽ പി എസ് മുട്ടക്കാട് എന്ന ഒരു ഉപ്പുമാവ് പള്ളിക്കൂടത്തിലായിരുന്നു പഠനം. സാധാരണക്കാരും ദരിദ്ര നാരായണന്മാരായ കുട്ടികളുമായിരുന്നു അവിടെ പഠിച്ചിരുന്നവരിൽ അധികം പേരും.
വീട്ടിൽ നിന്ന് കയറ്റവും ഇറക്കവുമുള്ള ചരൾ കല്ലുകൾ നിറഞ്ഞ ഒര് ഒറ്റയടിപ്പാതയിലൂടെ മുക്കാൽ മൈൽ പോയാൽ അല്ല ഓടിയാൽ സ്കൂളിലെത്തും. കാട്ടുമന്ദാരവും ജമന്തിയുമൊക്കെ അവിടെയുമിവിടെയും പുത്തു നിൽക്കുന്ന വിശാലമായ പറമ്പിനിടയിൽ വീണ് കിടക്കുന്ന മഞ്ഞയും തവിട്ടും കറുപ്പും നിറത്തിലുള്ള ഇലകൾക്ക് മേലെ കാറ്റത്തിളകിയാടുന്ന മരച്ചില്ലകളുടെ നിഴലുകളും മഞ്ഞ വെയിലും ചേർന്നുണ്ടാക്കുന്ന ഭയപ്പെടുത്തുന്ന ഉരഗ പ്രേതങ്ങൾ ഞാൻ എത്ര വേഗത്തിൽ ഓടിയാലും എന്നെ പിൻതുടർന്നു വന്നു കൊണ്ടേയിരിക്കും. പറമ്പിന്റെ കോണിലെ കശുമാവിൻ ചുവട്ടിലാണ് മൂന്നര വയസ്സുള്ള എന്റെ കുഞ്ഞനുജനെ മെഡിക്കൽ കോളേജിലെ കണ്ണാടിക്കൂട്ടിൽ ആഴ്ചകൾ കിടത്തിയ ശേഷം ഒരു ദിവസം തുണിയിൽ പൊതിഞ്ഞ് കൊണ്ടുവന്നു പച്ചോലയിൽ കിടത്തി കുഴിച്ചു താഴ്ത്തിയത്. ഏതു സ്വർഗ്ഗത്തിലെക്ക് വിളിച്ചാലും അവന്റെ ആത്മാവ് തുമ്പിയായി നമ്മളെക്കാണാൻ അവിടെയെല്ലാം പാറി നടക്കുന്നുണ്ടാകും!
കയറ്റിറക്കമുള്ള ഈ തെന്നുന്ന വിജനമായ വഴിയിൽ എന്നെങ്കിലും ഒരിക്കൽ ഞാൻ വീണു പോകുമെന്നുറപ്പുണ്ടായിരുന്നെങ്കിലും ഭയം എന്നെ ഓടിച്ചു കൊണ്ടേയിരുന്നു. പാടത്തിനും മറുവശത്തു കുളത്തിനുമിടയിലുള്ള ചെളി വരമ്പ് നടന്നും ചാടിയും ഒക്കെ കടന്നാൽ അയ്യപ്പക്ഷേത്രമായി. ഒരിക്കൽ ചാടുന്നതിനായിൽ വീണു പോകുമ്പോൾ പാടത്തെ വിഷസർപ്പങ്ങളോ കുളത്തിലെ ചീങ്കണ്ണികളോ ഏതാവും എന്നെ ദംശിക്കുക?
അവിടെ നിന്നു മുകളിലേക്ക് ഒരു കുന്നാണ്. അതിന്റെ ചരിവിലാണ് ഈ അധ്യയന ക്ഷേത്രം. മൂന്ന് കെട്ടിടങ്ങളിലായി തലമുറകളുടെ ചരിത്രവും ഭാവിയുമൊക്കെ നിർണ്ണയിക്കപ്പെട്ട് അത് പരന്നു കിടക്കുന്നു. ഏറ്റവും മുകളിലുള്ള ഓലക്കെട്ടിടം കാണാനാണ് എനിക്കിഷ്ടം. അതിന്റെ വണ്ണമുള്ള കഴുക്കോലുകൾക്ക് ചുറ്റിനും നീലയും പച്ചയും മഞ്ഞയും ചുകപ്പുമൊക്കെ നിറത്തിലുള്ള നൂറുകണക്കിനു വണ്ടുകൾ മുരണ്ട് പറന്നു നടക്കുന്നുണ്ടാവും. അവ തന്നെ മെഴുകുപുരട്ടി മിനുസപ്പെടുത്തിയ ഉരുളൻ തടികളിൽ മനോഹരമായി ഉണ്ടാക്കിയ തങ്ങളുടെ ദ്വാരഗൃഹത്തിനു ചുറ്റുമാണവയുടെ നൃത്തം. കൺമിഴിച്ച് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടികളെ അവർ ഒരിക്കലും അലോസരപ്പെടുത്തിയില്ല. മരണമില്ലാതെ അവ തലമുറകൾക്കായി തങ്ങളുടെ അജ്ഞാത നൃത്തം തുടർന്ന് കൊണ്ടേ യി രു ന്നു.
ഇടയ്ക്കുള്ള ഓടിട്ട ഒരു നീണ്ട ഹാൾ താൽകാലിക മറ വച്ച് ക്ലാസ്സുമുറികളായി തിരിച്ച് കുറച്ച് ബഞ്ചുകളുമിട്ടുട്ടുണ്ട്. അതിനും താഴെ പുതുതായുണ്ടാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രധാനാധ്യാപികയുടെ മുറിയും ഉപ്പുമാവ് പുരയും.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ഓട്ടം നിർത്തിയത് എന്റെ വീട്ടിനടുത്തുള്ള ഒരു കുട്ടിയെ കൂട്ടിനു കിട്ടിയപ്പോഴാണ്. അവനാണ് ടെപ്പർ രായൻ. നല്ല കറുത്ത് കല്ലു പോലുള്ള ശരീരം, ഇടതൂർന്ന മുടി അലങ്കോലമായി അലസമായി തലക്ക് ചുറ്റും കിടക്കും ,കൈയ്യിൽ ഉടഞ്ഞ സ്ലേറ്റും റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ പുസ്തകവും കറുത്ത റബർ ബാൻഡു കൊണ്ട് ബന്ധിച്ച് ഭദ്രമാക്കിയിരിക്കും. പെട്ടികളിൽ പുസ്തകം കൊണ്ടുവരുന്ന ആളുകൾക്കിടയിൽ റബർ ബാൻഡു കൊണ്ട് പുസ്തകം കെട്ടി വരുന്ന രാജൻ എന്ന ടെപ്പർരായൻ വ്യത്യസ്തനായി അങ്ങനെ നില കൊണ്ടു.
രായന് പാടത്തെ വിഷസർപ്പങ്ങളെ ഭയമില്ല
" അതൊക്കെ നീർക്കോലിയാണെടാ"
എന്നാ രായൻ പറയാറ്.
"അപ്പോൾ ഈ ചീങ്കണ്ണികളോ?"
ഞാൻ ചോദിച്ചു
"എടാ പൊട്ടാ അതൊക്കെ തവളകളാടാ"
ഞാൻ ചമ്മിയെങ്കിലും ഭയം കുറെ മാറിയത് കൊണ്ട് സന്തോഷമായി.
"എന്നാൽ കാറ്റടിക്കുമ്പോൾ കരിമ്പിച്ച നിഴലിനും പിംഗള നിറമുള്ള വെയിലിനുമിടയിലൂടെ കരിയിലകളിൽ ഉരഗങ്ങളെപ്പോലെ ഇഴഞ്ഞു വരുന്ന പ്രേതങ്ങളോ?"
അതിന് അവന് മറുപടി ഉണ്ടായില്ല.
"നീ പേടിക്കണ്ടാ അവൻ പറഞ്ഞു.". എന്നിട്ട് അവന്റെ സ്ലേറ്റിന് ചുറ്റുമിട്ടിരുന്ന കറുത്ത ടെപ്പർ ഊരി വായ്ക്കരികിൽ വച്ച്
"അടങ്ങടങ്ങൊതുങ്ങൊതുങ്ങ് വെട്ട് വെട്ട് റാഞ്ച് റാഞ്ച് "
എന്ന് മൂന്നു വട്ടം മന്ത്രം ജപിച്ച് എന്റെ കൈയ്യിൽ കെട്ടിത്തന്നു.
"ഇനി ഒരു പ്രേതവും നിന്റെ അടുത്തു വരില്ല"
അവനെനിക്ക് ഉറപ്പു നൽകി.
കുറെ നാളുകൾ അമ്മ വഴക്കു പറഞ്ഞിട്ടും ആ മന്ത്ര ചരട് അഴിക്കാതെ ഞാൻ കെട്ടിയിരുന്നു.
അഞ്ചാം ക്ലാസ്സിൽ ഞാൻ മറ്റൊരു സ്കൂളിലേക്ക് മാറി. നാലാം തരം കഴിഞ്ഞ് രാജൻ പഠിപ്പ് നിർത്തി എന്തോ ചെറിയ ജോലികൾക്ക് പോയി. പിന്നെ അവനെ വർഷങ്ങളോളം ഞാൻ കണ്ടതേയില്ല. ഒടുവിൽ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. എന്റെ നാട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ്സിന് പ്രവേശനം കിട്ടുന്ന ആദ്യ ആളായി.
ശരീരശാസ്ത്രം പഠിക്കാൻ കഡാവറിനെ കീറി മുറിക്കുമ്പോൾ കാണാതെ പഠിക്കേണ്ട ഗ്രീക്ക് ലാറ്റിൻ പേരുകൾക്കിടയിൽ പ്രേതഭയവും കൈയ്യിൽ പടരുന്ന ഫോർമാലിന്റെ മണത്തിന്റെ മനംപുരട്ടലുമൊക്കെ അകന്നുപോയി. മരണം മണം പിടിച്ചു നടക്കുന്ന ആശുപത്രി വരാന്തകൾ. ഐ സി യു വുകളിൽ അപ്രതീക്ഷിതമായി നിമിഷാർദ്ധങ്ങൾ കൊണ്ട് കൈയ്യിൽ നിന്ന് തെന്നിത്തെറിച്ചു പ്പോകുന്ന ജീവനുകൾ. സമയത്തിന്റെ കാറ്റിൽ ജീവനും മരണവും വെയിലും നിഴലുമായി ഇഴചേർന്നിഴയുന്ന ഒരിടം. മോർച്ചറിക്കു പിന്നിലുള്ള ഹൗസർജൻസ് ഹോസ്റ്റലിൽ രാത്രി ഒറ്റയ്ക്കു ഉറക്കം. ഇരുണ്ട രാത്രികളിൽ ആരെങ്കിലും വന്ന് കതകിൽ മുട്ടുമ്പോൾ ഇന്ന് ഡ്യൂട്ടിക്കിടയിൽ മരിച്ച് മോർച്ചറിയിലായ പ്രേതമാണോ അത് എന്നറിയാൻ വാതിലിന്റെ ചുവടിലുള്ള വിടവിലൂടെ വെളിയിലുള്ളയാളിന്റെ കാലു തറയിൽ തൊടുന്നുവോയെന്ന് നോക്കണമെന്ന സുഹൃത്തുക്കളുടെ ഉപദേശം. പക്ഷേ അപ്പോഴേക്കും മനസ്സിന്റെ കുടൂസ്സ് മുറികളിൽ നിന്നും പേയും പിശാചും പ്രേതവും ബാധയുമൊക്കെ കുടിയിറങ്ങിക്കഴിഞ്ഞിരുന്നു.
പിന്നെ വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ ടെപ്പർരായൻ പുതിയ അവതാരത്തിൽ നാട്ടിലെത്തിയെന്നറിഞ്ഞു. മുടിയൊക്കെ നീട്ടിവളർത്തി അലസമായി തന്നെ ഇട്ടിരുന്നുവത്രേ. കൈകളിലും കഴുത്തിലും രുദ്രാക്ഷത്തിലും അല്ലാതെയുമുള്ള മാലകളും വളകളും നിറയെ അണിഞ്ഞിട്ടുണ്ട്. നെറ്റിയിലെ കറുപ്പിൽ വരഞ്ഞ കുങ്കുമ തിലകം തിളങ്ങി നിന്നു. ദേഹമാസകലം ഭസ്മവും കുങ്കമവും കൊണ്ടുള്ള ചിത്രപ്പണിക്കു താഴെ പട്ടു മുണ്ടിനെ അരയിൽ ചങ്ങലകൊണ്ട് ബന്ധിച്ചിട്ടുണ്ട്. ഇരുട്ടിനെ പേടിച്ച് വിറക്കുന്ന നിലവിളക്കിൻ തിരിക്കു മുന്നിൽ പുകയുന്ന വാസനത്തിരികൾക്കരികിൽ വരച്ച വർണ്ണാഭമായ കളത്തിൽ പ്രേതബാധിതയായ സ്ത്രീയെ കൊണ്ടുവരുകയായി.
രായൻ മന്ത്രവാദി അലറി .
"നീ പോകുമോ"
കയ്പേറിയ തന്റെ ജീവിതാനുഭവങ്ങളോടുള്ള വിദ്വേഷം മുഴുവൻ ആ ചോദ്യത്തിലുണ്ടായിരുന്നു. പട്ട കുടിച്ച് കലങ്ങിയ കണ്ണുകൾ ജീവിതത്തോടുള്ള രോഷത്താൽ ചുവന്നിരുന്നു.
"ഇല്ല "
ആ സ്ത്രീ മുരണ്ടു.
മന്ത്രവാദി രണ്ടാമതൊന്നും ചോദിക്കാൻ നിന്നില്ല. ഇരുമ്പ് കെട്ടിയ തന്റെ ചൂരൽ വടിയെടുത്ത് അവളെ തലങ്ങും വിലങ്ങും തല്ലി. കുറെ തല്ലിയപ്പോൾ ആ സ്ത്രീ തളർന്നു വീണു. പിന്നെയും കുറേ തല്ലിയപ്പോൾ മന്ത്രവാദിയും. അയാളുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. അയാൾ ഒരു കറുത്ത ചരടെടുത്തു.
"അടങ്ങടങ്ങൊതുങ്ങൊതുങ്ങ് വെട്ട് വെട്ട് റാഞ്ച് റാഞ്ച്"
എന്ന് മൂന്നു പ്രാവശ്യം ജപിച്ച് അത് അവളുടെ തളർന്ന കൈത്തണ്ട ഉയർത്തി അതിൽ കെട്ടിക്കൊടുത്തു.
വർത്തമാന കേരളം
വസന്തരസം നിറച്ച കോപ്പയിൽ മധുപാനാസക്തർ തൻ വേദിയിൽ മഹോന്നത കേളിയിൽ എത്തിപ്പിടിക്കാൻ കരേറുന്ന ഉത്തുംഗശൃംഗത്തിനപ്പുറം ചക്രവാളത്തിൻ മറുകരയെത്തി അർദ്ധബോധത്തിൽ മയങ്ങി ഉഷസ്സിലുണർന്ന് മിഴി ചിമ്മി നോക്കവേ
സ്വന്തം കമിതാവിനായമ്മ
കൊത്തി നുറുക്കി വിളമ്പിയ
പുത്രന്റെ ദേഹവും
രാവിൽ സുഹൃത്തുക്കൾ ആസക്തി തീർക്കുവാൻ കേറിയിറങ്ങി തകർന്ന തനയതൻ താരിളം മേനിയും
നേരിലായ് മുന്നിൽ
കണിക്കാഴ്ചയാകവേ
കുറ്റബോധത്തിന്റെ കോടതിയിൽ താതനേറ്റുവാങ്ങുന്ന മരണ വിധി
വീട്ടിന്നരുകിലെ മാവിന്റെ ചില്ലയിൽ കെട്ടിയൊടുക്കി സ്വയം നടത്തീടവേ
ഓർത്തു പോകുന്നു ഞാൻ
ആ താതൻ ഞാൻ തന്നെയല്ലയോ.